 
പറവൂർ: ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് കെട്ടുന്നത് വൈകുന്നതിനാൽ ചാലക്കുടിയാറിലേക്ക് ഉപ്പ് വെള്ളം കയറിത്തുടങ്ങി. ഇതോടെ വേലിയേറ്റ സമയത്ത് കുടിവെള്ള ശുദ്ധീകരണ കേന്ദ്രത്തിൽ പമ്പിംഗ് നിറുത്തി വയ്ക്കുന്നതിനാൽ പുത്തൻവേലിക്കര പഞ്ചായത്തിൽ വരുംദിവസങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും. ചാലക്കുടിയാറിൽ ഉപ്പിന്റെ അളവ് കൂടിയാൽ കുടിവെള്ള ശുദ്ധീകരണം പൂർണമായും നിർത്തിവയ്ക്കേണ്ടിവരും. ഡിസംബർ മാസത്തിലാണ് മുൻ വർഷങ്ങളിൽ മണൽ ബണ്ട് നിർമ്മിക്കുന്നത്. തുലാം മാസത്തിൽ മഴകുറഞ്ഞതോടെ ചാലക്കുടിയാറിൽ നീരൊഴുക്ക് കുറയുകയും ശക്തമായ വേലിയേറ്റം ഉണ്ടാകുകയും ചെയ്തതിനാലാണ് ചാലക്കുടിയാറിലേക്ക് ഉപ്പുവെള്ളം കയറിയത്. ഇത് കൃഷിയേയും പ്രതികൂലമായി ബാധിക്കും. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര, പാറക്കടവ്, ചെങ്ങമനാട്, കുന്നുകര, തൃശൂർ ജില്ലയിലെ പൊയ്യ, കുഴൂർ, അന്നമനട എന്നീ പഞ്ചായത്തുകളിലെ കർഷകർക്കാകും ഇത് വിനയാകുക. എന്നാൽ ഇതുവരെ ബണ്ട് നിർമ്മാണത്തിനാവശ്യമായ ഡ്രഡ്ജർ കൊണ്ടുവരുന്നതിനുള്ള നടപടിക്രമം പോലും പൂർത്തിയാക്കിയിട്ടില്ല.
മണൽ ബണ്ടിനായി ഒക്ടോബർ 24ന് ലഭിച്ചത് 30.72 ലക്ഷം രൂപയുടെ ഭരണാനുമതി
24.30 ലക്ഷം മണൽബണ്ട് നിർമ്മിക്കാൻ
6.42 ലക്ഷംരൂപ സിവിൽ വർക്കിന്
നിർമ്മാണ ചുമതല ഇറിഗേഷൻ വകുപ്പ് മെക്കാനിക്കൽ വിഭാഗത്തിന് .
താത്കാലിക മണൽബണ്ട് നിർമ്മിക്കേണ്ടി വരുന്നത് കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ പ്രവർത്തിക്കാത്തതിനാൽ ഷട്ടറുകളുടെ കേടുപാടുകൾ തീർക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ അനുവദിച്ചത് 10.70ലക്ഷം രൂപ ഇതിനായി രണ്ട് ക്രെയിൻ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ എത്തിച്ചു രണ്ട് മണിക്കൂറോളം പരിശ്രമിച്ചിട്ടും ഫലംകണ്ടില്ലഇതോടെ അറ്റകുറ്റപ്പണികൾ അവസാനിപ്പിച്ചു ബ്രിഡ്ജിലെ 11 ഷട്ടറുകളും കാലഹരണപ്പെട്ടുകഴിഞ്ഞു.
1999ൽ 11കോടി 48 ലക്ഷം രൂപ ചെലവാക്കി മേജർ ഇറിഗേഷൻ വകുപ്പാണ് ചാലക്കുടിയാറിന് കുറുകെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിച്ചത്. അന്നുമുതൽ ബ്രിഡ്ജ് നിർമ്മിച്ചതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്രദമാക്കാൻ ഇന്നുവരെ കഴിഞ്ഞില്ല. ആദ്യവർഷം തന്നെ ഷട്ടറുകൾ ചോർന്നു. അറ്റകുറ്റപ്പണികൾക്കായി പിന്നീട് കോടികൾ മുടക്കിയെങ്കിലും ശാശ്വതപരിഹാരം ഉണ്ടായില്ല.
ശാശ്വത പരിഹാരത്തിന് റഗുലേറ്റർ
കം ബ്രിഡ്ജ് റെഡിയാകണം