വൈപ്പിൻ: നാട്ടുകാർക്ക് തൊഴിൽ നല്കുമെന്ന് പറഞ്ഞ് ജില്ലയിൽ നടപ്പിലാക്കിയ പല പദ്ധതികളും പാഴ്‌വാക്കായിരുന്നുവെന്നും ഇതിന്റെയൊക്കെ ഫലമായി മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന സെക്രട്ടറി ടി. രഘുവരൻ ആരോപിച്ചു. യൂണിയൻ വൈപ്പിൻ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് കോടി രൂപ ചെലവാക്കി നിർമ്മിച്ച വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതി കൊച്ചിൻ പോർട്ടിനെ നശിപ്പിച്ചു. സമീപ കായൽ കരകളെല്ലാം ചെളിയടിഞ്ഞ് ചതുപ്പ് നിലങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം താരാ ദിലീപ്, മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ജെ. കുശൻ, വി.ഒ ജോണി, ടി.എ. ആന്റണി, പി.ഒ ആന്റണി, അഡ്വ. എൻ.കെ. ബാബു, ജിൻഷ കിഷോർ, ഡോളർമാൻ കോമത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എൻ. പ്രദീപ് (പ്രസിഡന്റ്), പി.എസ്. സുനിൽകുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.