
കൊച്ചി: അരയിൽ കത്തിയൊളിപ്പിച്ച് ബൈക്കിൽ സഞ്ചാരം. പണം തട്ടിയെടുക്കാൻ പട്ടാപ്പകൽ കത്തികാട്ടി ഭീഷണിയും ക്രൂര മർദ്ദനവും. അന്യസംസ്ഥാന തൊഴിലാളികളുടെ പേടിസ്വപ്‌നമായ 'മല്ലു ഗ്യാംഗ്' ഒടുവിൽ വലയിലായി. എറണാകുളം ചേരാനെല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കത്തിമുനയിൽ നിറുത്തി പണം കവർന്ന കേസിലാണ് രണ്ടംഗ സംഘം അറസ്റ്റിലായത്. ചേരാനല്ലൂർ കച്ചേരിപ്പടി സ്വദേശി ആൻസൺ തിക്കോസ്റ്റ (25), തൈക്കാവ് സ്വദേശി അബ്ദുൾ ഷുക്കൂർ (57) എന്നിവരെയാണ് ചേരാനെല്ലൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം സൈക്കിളിൽ വരികയായിരുന്ന ഒഡീഷ സ്വദേശിയെ ബൈക്കിടിച്ച് വീഴ്ത്തി പണം കവർന്ന കേസിൽ അറസ്റ്റിലായതും ഇതേ സംഘാംഗങ്ങളാണെന്ന് പൊലീസ് പറയുന്നു. അടിപിടിയടക്കം ഏഴ് കേസുകളിലെ പ്രതിയാണ് ആൻസൺ തിക്കോസ്റ്റ.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ചേരാനെല്ലൂരിലും കുന്നുംപുറത്തും ഇവർ അഴിഞ്ഞാടിയത്. ചേരാനല്ലൂരിലെ പ്രമുഖ വെജിറ്റേറിയൻ ഹോട്ടലിന് സമീപം പാൻമസാല വിൽക്കുന്ന അച്ചിൻ അലിയാണ് ആദ്യം കൊള്ളയടിക്കപ്പെട്ടത്. ബൈക്കിൽ എത്തിയ പ്രതികൾ പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് അച്ചിനെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലച്ചിഴച്ചുകൊണ്ടുപോയി കഴുത്തിൽ കത്തിവച്ച് 8,000 രൂപ തട്ടിയെടുക്കുകയായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അകത്തായത്.
ഇവർ പിടിയിലായതിന് പിന്നാലെ മറ്റൊരാളെയും കൊള്ളയടിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പാൻമസാല വിൽക്കുന്ന ഒഡീഷ സ്വദേശിയുടെ കൈയിൽ നിന്ന് 3200 രൂപയാണ് കൈക്കലാക്കിയത്. ഇയാളുടെ പരാതിയിലും കേസെടുത്തു. ഒക്ടോബർ 25ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഒഡീഷ സ്വദേശി ചരണനായിക്കിനെ ആക്രമിച്ച് 1000 രൂപയും മൊബൈൽഫോണും കവർന്ന കേസിലാണ് സംഘത്തിൽപ്പെട്ടവർ ആദ്യം പിടിയിലായത്. വരാപ്പുഴ പള്ളിപ്പറമ്പിൽവീട്ടിൽ നന്ദകൃഷ്ണൻ (23), ചേരാനല്ലൂർ സ്വദേശിയും ആൻസണിന്റെ ബന്ധുവുമായ പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്.
ലക്ഷ്യം അന്യസംസ്ഥാന
തൊഴിലാളികൾ മാത്രം
മദ്യപിക്കാനും കഞ്ചാവ് ഉപയോഗത്തിനുമുള്ള പണം കണ്ടെത്തുന്നതിനാണ് പ്രതികൾ കത്തികാട്ടി പണം തട്ടുന്നത്. കണ്ടെയ്‌നർ റോഡിലൂടെ പോകുന്ന അന്യസംസ്ഥാന തൊഴിലാളികളെയും പ്രദേശത്ത് ഒറ്റയ്ക്ക് ജോലി ചെയ്യുന്നവരെയും ഉത്തരേന്ത്യക്കാരെയും മർദ്ദിച്ച് പണവും മറ്റും കവരുന്നതാണ് സംഘത്തിന്റെ രീതി. കൂട്ടമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ സമ്പാദ്യം പൊതുവേ വീട്ടിൽ സൂക്ഷിക്കാറില്ല. മോഷണം ഭയന്ന് കൈയ്യിൽ കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, പണം തട്ടിയാലും പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടാറില്ല. ഇതാണ് ഇവരെ ആക്രമിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു.