വൈപ്പിൻ: വൈപ്പിൻകരയിൽ കിഴക്കും പടിഞ്ഞാറുമുള്ള കായലോരമേഖലകളിൽ രണ്ട് ദിവസമായി വൃശ്ചിക വേലിയേറ്റം രൂക്ഷമായി. പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പ്രദേശങ്ങളിൽ കിഴക്കേ പുഴയിൽ നിന്നും പടിഞ്ഞാറേ പൊയിലിൽ നിന്നും വേലിയേറ്റത്തിൽ വെള്ളം പറമ്പുകളിലേക്കും വീട്ട് മുറ്റങ്ങളിലേക്കും ഒഴുകിയെത്തി. രാത്രി 8 മണിയോടെ ആരിഭിക്കുന്ന വേലിയേറ്റം പുലർച്ചെ 2 നും 3 നും ഇടയിലാണ് രൂക്ഷമാകുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ് ഇപ്പോഴത്തെ അതിരൂക്ഷ വേലിയേറ്റമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 2018 ലെ പ്രളയകാലത്ത് കായലുകളിൽ ഒഴുകിയെത്തിയ മണ്ണും ചെളിയും മൂലം കായലുകൾക്ക് ആഴം കുറഞ്ഞതും മറ്റൊരു കാരണമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കായലുകളിൽ ഡ്രഡ്ജിങ്ങ് നടത്തി ആഴം വർദ്ധിപ്പിച്ചില്ലെങ്കിൽ കായലിലെയും അനുബന്ധമായിക്കിടക്കുന്ന ചെമ്മീൻ കെട്ടുകളിലെയും മത്സ്യസമ്പത്ത് കാര്യമായി കുറയുമെന്നും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ സാരമായി ബാധിക്കുമെന്നും ഇവർ പറയുന്നു