കൊച്ചി: രാജ്യത്തിന്റെ തീരദേശവും സമുദ്രമേഖലയും സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സംയുക്ത അഭ്യാസപ്രകടനങ്ങൾ 20, 21 തീയതികളിൽ കേരളതീരത്തും ലക്ഷദ്വീപിലുമായി നടക്കും. 16 കേന്ദ്ര സംസ്ഥാന ഏജൻസികളും മത്സ്യത്തൊഴിലാളികളും പരീക്ഷണ അഭ്യാസപ്രകടനങ്ങളിൽ പങ്കുചേരും.

കൊച്ചിയിലെ ദക്ഷിണനാവികത്താവളത്തിലെ ജോയിന്റ് ഓപ്പറേഷൻസ് സെന്ററിന്റെ നേതൃത്വത്തിലാണ് സീ വിജിൽ എന്ന പേരിൽ തീരദേശത്തും കടലിലുമുണ്ടായേക്കാവുന്ന വെല്ലുവിളികളും ആക്രമണങ്ങളും നേരിടുന്നത് സംബന്ധിച്ച അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. നാവികസേനയ്ക്ക് പുറമെ സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്ന കടലോര ജാഗ്രതാ സമിതി അംഗങ്ങളും കോസ്റ്റ് ഗാർഡ്, കേരള പൊലീസ്, കസ്റ്റംസ്, സി.ഐ.എസ്.എഫ്., തുറമുഖ അതോറിറ്റി, ഇമിഗ്രേഷൻ, കേന്ദ്ര സംസ്ഥാന രഹസ്യാന്വഷണ ഏജൻസികൾ, എൻ.സി.സി., ഫിഷറീസ് വകുപ്പ് തുടങ്ങിയവയും അഭ്യാസത്തിൽ പങ്കാളികളാകും.

അഭ്യാസത്തിൽ പങ്കാളികളാകുന്നവർ ആക്രമണത്തിനെത്തുന്നവരും തുരത്തുന്നവരും എന്നിങ്ങനെ രണ്ടായി തിരിഞ്ഞാകും പ്രകടനം നടത്തുക.

രണ്ട് വർഷത്തിലൊരിക്കൽ

മുംബയ് ഭീകരാക്രമണത്തിന് ശേഷമാണ് രാജ്യവ്യാപകമായി സംയുക്ത അഭ്യാസങ്ങൾ ആരംഭിച്ചത്. രണ്ടുവർഷത്തിലൊരിക്കൽ നടക്കുന്ന അഭ്യാസം 2022 ലാണ് ഒടുവിൽ നടത്തിയത്. 2009 ലാണ് കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം കൊച്ചിയിലെ ഉൾപ്പെടെ കടൽ, കായൽ മേഖലകളിൽ നിരീക്ഷണം നടത്തുന്നുണ്ട്. റഡാർ സംവിധാനങ്ങളുൾപ്പെടെ സ്ഥാപിച്ച കേന്ദ്രം വിവിധ ഏജൻസികൾക്ക് ലഭിക്കുന്ന വിവരങ്ങൾ പങ്കിടുകയും വിശകലനം ചെയ്തുമാണ് പ്രവർത്തിക്കുന്നത്.

കടൽ മേഖലയുടെയും തീരത്തിന്റെയും സുരക്ഷയ്ക്കുള്ള സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ പരീക്ഷണം കൂടിയാണ് അഭ്യാസപ്രകടനങ്ങൾ

കമാൻഡർ കൃഷ്‌ണദാസ്

(ജോയിന്റ് ഓപ്പറേഷൻ സെന്ററിന്റെ ചുമതല വഹിക്കുന്നു)​