പെരുമ്പാവൂർ: ആസ്വാദക വൃന്ദത്തെ ആനന്ദത്തിലാറാടിച്ച് ആറാമത് പെരുമ്പാവൂർ പഞ്ചവാദ്യം. ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ കേരളത്തിലെ പ്രശസ്തരായ 60 കലാകാരന്മാർ പങ്കെടുത്ത പഞ്ചവാദ്യം ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര പരിസരത്ത്, രണ്ടേ മുക്കാൽ മണിക്കൂർ നീണ്ട നാദ മഴയായി പെയ്തിറങ്ങി. ചോറ്റാനിക്കര വിജയൻ മാരാർ നയിച്ച തിമില താളവട്ടം ലയ മാധുര്യമായപ്പോൾ , തൃശ്ശൂർപൂരം തിരുവമ്പാടി വിഭാഗം മദ്ദള പ്രമാണി കോട്ടയ്ക്കൽ രവിയുടെ നേതൃത്വത്തിൽ 9 മദ്ദളങ്ങളിലെ താളവട്ടം കണിശതയാർന്ന എണ്ണങ്ങൾ കൊണ്ട് നിറച്ചു. തൃശൂർ പൂരം തിരുവമ്പാടി വിഭാഗം മേളത്തിലെ കൊമ്പു പ്രമാണി ഓടയ്ക്കാലി മുരളിയുടെ നേതൃത്വത്തിൽ 17 കലാകാരന്മാർ കൊമ്പിൽ ആണിനിരന്നപ്പോൾ, തൃശൂർ പൂരം മഠത്തിൽവരവ് പ്രമാണിയായ ചേലക്കര സൂര്യനാരായണന്റെ നേതൃത്വത്തിൽ 15 കലാകാരന്മാർ ഇലത്താളമേന്തി. ഇടയ്ക്കയിൽ കാവിൽ അജയൻ മാരാർ പ്രമാണിയായി.
എൻ. ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന സദസ് പെരുമ്പാവൂർ നഗര പിതാവ് പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മദ്ദള കലാകാരൻ കല്ലൂർ സന്തോഷിന് സമിതിയുടെ സുവർണ്ണ മുദ്രയും ഫലകവും നൽകി ആദരിച്ചു.സമിതി സെക്രട്ടറി സി.വൈ സുബ്രഹ്മണ്യൻ, എച്ച്. വരാഹൻ അർജുൻ, കാലടി കൃഷ്ണയ്യർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു, ദേവസ്വം ഓഫീസർ സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.