tank
മൂന്നര വർഷമായിട്ടും പണി പൂർത്തീകരിക്കാത്ത ആലിൻചുവട് കുടിവെള്ള പദ്ധതി

പെരുമ്പാവൂർ: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കുരുങ്ങി നിലച്ചുപോയ ആലിൻചുവട് കുടിവെള്ള പദ്ധതി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വെങ്ങോല പഞ്ചായത്തിലെ 14-ാം വാർഡായ ടാങ്ക് സിറ്റിയുടെ കിഴക്കൻ മേഖലയായ കറുകപ്പിള്ളി തുരുത്തിൽ പതിറ്റാണ്ടുകളായി കുടിവെള്ളക്ഷാമം രൂക്ഷമാണ്. പ്രദേശവാസികളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കുടിവെള്ള പദ്ധതിക്കായി തന്റെ 2019-20 വർഷത്തെ ആസ്തിവികസനഫണ്ടിൽ നിന്ന് 17,​10,​000 രൂപയാണ് അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി 25,​000 ലിറ്റർ ടാങ്ക്, മോട്ടോർ ഷെഡ്, ഒന്നര കിലോമീറ്റർ വരെ പൈപ്പ്ലൈൻ എന്നിവ സ്ഥാപിച്ചുവെങ്കിലും മൂന്നര വർഷക്കാലമായിട്ടും പണി പൂർത്തിയായിട്ടില്ല. മോട്ടോർ, വയർ ഉൾപ്പെടെ വൈദ്യുത ഉപകരണങ്ങളും ഒന്നര കിലോമീറ്ററിലധികം പൈപ്പ്ലൈനും കൂടി വലിച്ചാൽ മാത്രമേ ഇവിടെ എല്ലാ വീടുകളിലും വെള്ളം ലഭ്യമാകുന്ന തരത്തിൽ പദ്ധതി നടപ്പാക്കാനാകൂ. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് എസ്റ്റിമേറ്റെടുത്ത ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനവും ചുവപ്പുനാടയുമാണ് പദ്ധതിയെ പിന്നോട്ടടിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. ഇക്കാര്യങ്ങൾ പരിഹരിച്ച് വേനൽക്കാലം വരുമ്പോഴേക്കും വെള്ളം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന ആവശ്യം കോൺഗ്രസ് വാർഡ് കമ്മിറ്റി എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിച്ച് പദ്ധതി പൂർത്തീകരിക്കാൻ വേണ്ട അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് വാർഡിലെ വിവിധ സംഘടനകളും ആവശ്യപ്പെട്ടു.


ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിച്ച് എസ്റ്റിമേറ്റ് എടുത്ത് നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുകയാണെങ്കിൽ വേണ്ട ഇടപെടൽ നടത്താമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉറപ്പു നൽകിയിട്ടുണ്ട്.

അജിത് കടമ്പനാട്

സംസ്കാര സാഹിതി

പെരുമ്പാവൂർ