കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള കമ്പിവേലിക്കകം കുമാരനാശാൻ റോഡ് മെട്രോ റെയിൽ അധികൃതർ സ്വകാര്യ ഫ്ലാറ്റുകാർക്കുവേണ്ടി വെട്ടിപ്പൊളിച്ചതിൽ പ്രതിഷേധം. പൊളിച്ച റോഡ് പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് ഡിവിഷൻ കൗൺസിലർ സൽമ ശിഹാബിന്റെ നേതൃത്വത്തിൽ പരാതി നൽകി.
മുനിസിപ്പൽ ഫണ്ടുഉപയോഗിച്ച് കട്ടപാകി മോടിപിടിപ്പിച്ച റോഡാണ് അശാസ്ത്രീയമായ രീതിയിൽ കാനവാർത്തും സ്ലാബ് പാകിയും കുഴിയെടുത്തും മെട്രോ റെയിൽ അധികാരികൾ നശിപ്പിച്ചിരിക്കുന്നതെന്നാണ് പരാതി. ഫ്ലാറ്റിന്റെ പ്രവേശനഭാഗത്ത് സ്ലാബ് ഉയർത്തിയതിനാൽ വാഹനങ്ങൾക്ക് ഇതുവഴി പോകുവാൻ ബുദ്ധിമുട്ടാണെന്നും പറയുന്നു. ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുവഴി പൊളിക്കുന്നതിനുമുമ്പ് മെട്രോ റെയിൽ അധികൃതർ നഗരസഭാ അധികാരികളോട് അനുവാദം വാങ്ങിക്കാത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മുൻ കൗൺസിലർ കെ.എ. നജീബ്, കെ.എം. ശിഹാബ്, മജീദ്, ആശ തുടങ്ങിയവർ നിവേദക സംഘത്തിലുണ്ടായിരുന്നു.