pulla-padam
ഫംഗസ് രോഗ ബാധമൂലം കൃഷി നാശമുണ്ടായ പുല്ല പാടശേഖരം കൃഷിവകുപ്പ് വിദഗ്ദ്ധ സംഘവും ജനപ്രതിനിധികളും സന്ദർശിക്കുന്നു

അങ്കമാലി : മൂക്കന്നൂർ പുല്ല പാടശേഖരത്തിലെ പത്ത് ഹെക്ടറോളം സ്ഥലത്തെ നെൽകൃഷി ഫംഗസ് രോഗബാധമൂലം നശിച്ചു. വിളവെടുപ്പിന് പാകമാകുന്ന സമയത്തുള്ള രോഗബാധമൂലം പതിനഞ്ചോളം വരുന്ന കർഷകരാണ് ദുരിതത്തിലായത്. ഫംഗസ് രോഗങ്ങളായ പോള കരിച്ചിൽ, ഇല കരിച്ചിൽ, ഓലചുരുട്ടൽ എന്നിവയാണ് നെല്ലിനെ ബാധിച്ചിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് രോഗലക്ഷണങ്ങൾ കണ്ടപ്പോൾ കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാശം രോഗപ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും നെല്ല് പാകമായപ്പോൾ ഫംഗസ് രോഗങ്ങൾ ഒരുമിച്ച് ബാധിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് അധികൃതരുടെ അഭ്യർത്ഥനപ്രകാരം കൃഷിവകുപ്പിന്റെ ജില്ലാതലത്തിലുള്ള മൾട്ടി ഡിസിപ്ലിനറി ഡയഗനോസ്റ്റിക് ടീം കൃഷിയിടം സന്ദർശിച്ചു. കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ബിജിമോൾ കെ ബേബി, വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് ഓഫീസർ എസ്.ജെ. ശ്രീജ, അങ്കമാലി കൃഷി അസി. ഡയറക്ടർ ബിപ്തി ബാലചന്ദ്രൻ, മൂക്കന്നൂർ കൃഷി ഓഫീസർ നീതുമോൾ എന്നിവരടങ്ങുന്ന സംഘം പാടശേഖരത്ത് പരിശോധന നടത്തി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസിചാക്കോ, സഹകരണബാങ്ക് പ്രസിഡന്റ് പി.എൽ. ജോസ്, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ എന്നിവരും പാടശേഖരം സന്ദർശിച്ചു. കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് റോജി എം. ജോൺ എം.എൽ.എ ക്യഷി വകുപ്പ് മന്ത്രി പി. പ്രസാദിനോടാവശ്യപ്പെട്ടു.