
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ ട്വന്റി20 ഭരണസമിതി പഞ്ചായത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് സെക്രട്ടറിയടക്കമുള്ളവർ ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് മിന്നൽ പണിമുടക്ക് നടത്തി. പ്രശ്നത്തിൽ എൻ.ജി.ഒ യൂണിയനും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ഇടപെട്ടതോടെ പ്രശ്നം സംസ്ഥാന തലത്തിലേയ്ക്കും വ്യാപിച്ചു. നിയമാനുസൃതമല്ലാത്ത കാര്യങ്ങൾക്ക് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നടപടി തുടർന്നാൽ സമരം വ്യാപിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഒക്ടോബർ അവസാനം ട്വന്റി 20 പ്രസിഡന്റിന് എതിരായി നൽകിയ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട തർക്കമാണ് ഭരണസമിതിയും ഉദ്യോഗസ്ഥരും രണ്ട് തട്ടിലാകാൻ കാരണം. അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട അംഗങ്ങൾക്ക് നൽകിയ വിപ്പിന്റെ കോപ്പിയിൽ സെക്രട്ടറി ഒപ്പിട്ട് നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി ഔസേപ്പ് സെക്രട്ടറിയോട് സംസാരിക്കുന്ന വീഡിയോ എടുക്കാൻ ശ്രമിക്കുകയും കയർത്ത് സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് മിന്നൽ പണിമുടക്കിന് കാരണം.
ജീവനക്കാർക്കെതിരെ അനാവശ്യ പരാതി നൽകി വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പല വിധത്തിൽ ഭീഷണിപ്പെടുത്തുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധ സമരത്തിന് യു.ഡി.എഫ് അംഗങ്ങളും മുൻ പ്രസിഡന്റും ഐകദാർഢ്യം പ്രഖ്യാപിച്ചു. കെ.ജി.ഒ.എ ജില്ല സെക്രട്ടറി സി.ആർ. സോമൻ, ജോയിന്റ് സെക്രട്ടറി എം.ജി. മോഹനൻ, എൻ.ജി.ഒ യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് രാജേഷ് എന്നിവർ സംസാരിച്ചു. ഉച്ചക്ക് രണ്ടോടെ പ്രതിഷേധം അവസാനിപ്പിച്ചു.
കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. പലരും സ്ഥലം മാറ്റം വാങ്ങി പോകാൻ തയ്യാറെടുക്കുകയാണ്. നിയമാനുസൃതമല്ലാത്ത പേപ്പറുകളിൽ ഒപ്പിട്ട് നൽകണമെന്ന ആവശ്യം അംഗീകരിക്കില്ല
ദീപു ദിവാകരൻ
സെക്രട്ടറി
സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കി സമരം നടത്തുകയാണ്. ജനങ്ങൾക്ക് വേണ്ട സേവനം ഇവർ നിഷേധിക്കുകയാണ്
റോയി ഔസേപ്പ്
പഞ്ചായത്ത് വൈസ് പ്രസിഡന്റ്