 
പറവൂർ: സഹോദരപുത്രൻ വീടുതകർത്തതിനെ തുടർന്ന് പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷൻ നിർമ്മിച്ച് നൽകിയ വീട്ടിലേക്കുള്ള വാടനപ്പിള്ളിപറമ്പിൽ ലീലയുടെ ഗൃഹപ്രവേശം ആഘോഷമാക്കി നാട്ടുകാർ. 2023 ഒക്ടോബർ 19 നാണ് സ്വത്തുതർക്കത്തിൽ ലീലയുടെ സഹോദരപുത്രൻ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചു കളഞ്ഞത്. വഴിയാധാരമായ ലീലയെ സഹായിക്കാൻ നാട്ടുകാർ ചേർന്ന് ലീലക്കൊരുഭവനം ജനകീയസമിതി രൂപീകരിച്ചു. തുടർന്ന് ലീലയുടെ സഹോദരങ്ങൾ ഭൂമിയിലെ അവകാശം ഒഴിഞ്ഞ് സ്ഥലം ലീലയുടെ പേരിൽ ആധാരം ചെയ്തു കൊടുത്തു. വിവരമറിഞ്ഞ ടൗൺ മർച്ചന്റസ് അസോസിയേഷൻ വീട് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിക്കുകയായിരുന്നു. അസോസിയേഷന്റെ സുവർണ ജൂബിലി സമാപന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വീടിന്റെ താക്കോൽ കൈമാറി. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ പാൽകാച്ചൽ ചടങ്ങ് നടത്തിയത്. തുടർന്ന് മർച്ചൻസ് അസോസിയേഷനുള്ള ഉപഹാര സമർപ്പണവും നടത്തി. നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ടി.വി. നിഥിൻ, വി.എസ്. ബോബൻ, അഡ്വ. ശൗരു, കെ.എൻ. നാസർ, സ്റ്റാൻലി ജോൺ, കെ.ടി. ജോണി, പി.ബി. പ്രമോദ്, പുഷ്പലത എന്നിവർ സംസാരിച്ചു.