valakuzhi
വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിൽ സമരം നടത്തിവന്നിരുന്ന പ്രദേശവാസികളുമായി മൂവാറ്റുപുഴ ആർ.ഡി.ഒ. പി.എ. അനിയുടെ നേതൃത്വത്തിൽ ചർച്ച നടത്തുന്നു

മൂവാറ്റുപുഴ: ആർ.ഡി.ഒ വിളിച്ച ചർച്ച ഫലം കണ്ടതോടെ മൂവാറ്റുപുഴ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിന് മുന്നിൽ പ്രദേശവാസികൾ നടത്തിവന്നിരുന്ന സമരം ഒത്തുതീർപ്പായി. മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശ വാസികൾ ഒരാഴ്ചയായി സമരം നടത്തിവരുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ പിന്നാലെ മൂവാറ്റുപുഴ ആർ.ഡി.ഒ. പി.എ. അനി നഗരസഭാ അധികൃതരേയും സംസ്കരണ ഏജൻസി പ്രതിനിധികളെയും സമരസമിതി ഭാരവാഹികളെയും ചർച്ചക്ക് ക്ഷണിക്കുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് ആർ.ഡി.ഒ. ഓഫീസിൽ നടന്ന അനുരഞ്ജന ചർച്ച വിജയം കണ്ടു. യോഗത്തിൽ ആർ.ഡി.ഒ. പി.എ. അനി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എം. അബ്ദുൽ സലാം, നിസ അഷ്റഫ്, മീര കൃഷ്ണൻ, പായിപ്ര ഗ്രാമ പഞ്ചായത്ത് അംഗം വിജി പ്രഭാകരൻ, നഗരസഭ സെക്രട്ടറി എച്ച്. സിമി, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ, സമര സമിതി ഭാരവാഹികളായ കെ.കെ. കുട്ടപ്പൻ, എൽദോസ് പാലപ്പുറം, കെ. ബാബു, കെ.എൻ. രാജൻ, കുസുമം സാബു തുടങ്ങിയവർ പങ്കെടുത്തു.

30 ദിവസത്തിനകം സംസ്കരണം കഴിഞ്ഞ് കൂട്ടിയിട്ടിരിക്കുന്ന അവശിഷ്ടങ്ങൾ നഗരസഭ അധികൃതരുടെ മേൽനോട്ടത്തിൽ നീക്കം ചെയ്യും. സംസ്കരണ കേന്ദ്രത്തിൽ ജൈവ മാലിന്യങ്ങൾ തരം തിരിക്കുമ്പോഴും സംസ്കരിക്കുമ്പോഴും കാര്യക്ഷമത ഉറപ്പുവരുത്താൻ നഗരസഭ പ്രതിനിധിയ്ക്കൊപ്പം സമരസമിതി അംഗങ്ങളുടെ സാന്നിദ്ധ്യവും ഉണ്ടാകും. ഒരാഴ്ചയായി നിലച്ചിരിക്കുന്ന മാലിന്യ നീക്കം ഇന്ന് മുതൽ പുനരാരംഭിക്കുന്നതിനും തീരുമാനം.

വളക്കുഴി മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമം ആക്കാൻ സംസ്കരണ ഏജൻസിക്ക് നിർദേശം നൽകിയിട്ടുണ്ട്. നഗരം ശുചിത്വ പൂർണമാക്കാൻ എല്ലാവരുടെയും സഹകരണം വേണം

പി.പി. എൽദോസ്

ചെയർമാൻ

നഗരസഭ

മാലിന്യവുമായി യാർഡിലേക്ക് എത്തുന്ന വാഹനങ്ങൾ തടയില്ലെന്ന് സമരസമിതിയുടെ ഉറപ്പ്