ayurved

സംരംഭ കൂട്ടായ്മയിലൂടെ വളരാനാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി. രാജീവ്

കൊച്ചി: ആയുർവേദ മേഖലയിൽ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് കേരളം പ്രതീക്ഷിക്കുന്നതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സംരംഭകരുടെ കൂട്ടായ്മയിലൂടെ നിക്ഷേപം സമാഹരിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിച്ച ആയുർവേദ, ഫാർമസ്യൂട്ടിക്കൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുർവേദ ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ് തുടങ്ങിയ കോഴ്‌സുകൾക്ക് അംഗീകാരം നൽകും. ഭാവിയിൽ തൊഴിലവസരം സൃഷ്ടിക്കാൻ മേഖലയ്‌ക്കാകുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് വ്യവസായനയം അവതരിപ്പിച്ചു. കെ.എസ്‌.ഐ.ഡി.സി എം.ഡി എസ്. ഹരികിഷോർ സ്വാഗതവും എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ ആർ. നന്ദിയും രേഖപ്പെടുത്തി.

പാനൽ ചർച്ചയിൽ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എം.ഡി. ഇ.എ സുബ്രഹ്മണ്യൻ, ധാത്രി ആയുർവേദ സി.എം.ഡി ഡോ.എസ്. സജികുമാർ, ഔഷധി എം.ഡി. ഡോ. ടി.കെ. ഹൃദീക്ക്, ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രത്തിലെ ഹരി എൻ. നമ്പൂതിരി, ബൈഫ ഡ്രഗ്‌സ് എം.ഡി. അജയ് ജോർജ് വർഗീസ്, എവറസ്റ്റ് ആയുർവേദ സി.ഇ.ഒ ജോയിച്ചൻ കെ. എറിഞ്ഞേരി, സീതാറാം ആയുർവേദ ഫാർമസി എം.ഡി. ഡോ.ഡി. രാമനാഥൻ എന്നിവർ പങ്കെടുത്തു.

തോട്ടം മേഖലയ്‌ക്കായി പുതിയ നിക്ഷേപ നയം

തോട്ടം മേഖലയുടെ വൈവിദ്ധ്യവത്കരണത്തിന് കോഴിക്കോട് ഐ.ഐ.എം തയ്യാറാക്കിയ റിപ്പോർട്ട് അടിസ്ഥാനമാക്കി പുതിയ നയത്തിലൂടെ ഈ മേഖലയിൽ വൻനിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് പി. രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് മുന്നോടിയായി കെ.എസ്‌.ഐ.ഡി.സി സംഘടിപ്പിച്ച പ്ലാന്റേഷൻ, ഹൈടെക് ഫാമിംഗ്, മൂല്യവർദ്ധിത റബർ ഉത്പന്നങ്ങൾ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.ഐ.എം പഠന റിപ്പോർട്ട് പങ്കാളികളുമായി ചർച്ച ചെയ്ത് പുതിയ നയം അവതരിപ്പിക്കും.