കൊച്ചി: ആഗോള ഊർജ്ജ വ്യവസായത്തിലെ പ്രധാന സാങ്കേതികവിദ്യാ ദാതാക്കളായ എൻ.ഒ.വിയുടെ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. എണ്ണ - വാതക മേഖലയിൽ കാര്യക്ഷമത, സുരക്ഷിതത്വം, പാരിസ്ഥിതിക സന്തുലനം എന്നിവ ലക്ഷ്യമിട്ട് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ബഹുരാഷ്ട്ര കമ്പനിയാണ് എൻ.ഒ.വി.
കൊച്ചി ഇൻഫോപാർക്കിലെ ലുലു ടവർ -2 ൽ പ്രവർത്തനം തുടങ്ങിയ സെന്റർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഉയർന്ന നൈപുണ്യ മികവുള്ള കേരളത്തിന്റെ വ്യവസായ - പാരിസ്ഥിതികാന്തരീക്ഷം ലോകോത്തരമാണെന്ന് മന്ത്രി പറഞ്ഞു.
സോഫ്‌റ്റ്‌വെയർ എൻജിനിയറിംഗ് സെന്റർ, കോർപ്പറേറ്റ് ഡിജിറ്റൽ സർവീസസ്, കസ്റ്റമർ സപ്പോർട്ട് സെന്റർ എന്നിങ്ങനെ മൂന്ന് പ്രധാന മേഖലകളിൽ ശ്രദ്ധയൂന്നിയാവും കൊച്ചി കേന്ദ്രം പ്രവർത്തിക്കുകയെന്ന് എൻ.ഒ.വി ഡയറക്ടർ സ്റ്റാലി ജോർഡൻ പറഞ്ഞു.
എൻ.ഒ.വി ഉൽപന്നങ്ങളുടെ വൈവിധ്യം ലക്ഷ്യമിട്ട് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുക, ആഗോള ഉപഭോക്തൃ സേവനം വിപുലപ്പെടുത്തുക എന്നിവയാണ് കൊച്ചി കേന്ദ്രം വഴി എൻ.ഒ.വി ലക്ഷ്യമിടുന്നത്.