വൈപ്പിൻ: ഫോക്‌ലോർ ഫെസ്റ്റിന് മുന്നോടിയായി വൈപ്പിൻ മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള 'കവിത്രയം പുനർജനിക്കുന്നു' മത്സര പരിപാടിക്ക് തുടക്കമായി. ഞാറക്കൽ ജി.വി.എച്ച്എസ് സ്‌കൂളിൽ കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വിദ്യാർഥിനി ശ്രീലക്ഷ്മിക്ക് കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ എന്നിവരുടെ കൃതികൾ കൈമാറിക്കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ കവിത്രയങ്ങളുടെ കവിതകളുടെ സംഗീതാവിഷ്‌കാരം, ഇവരെക്കുറിച്ച് പ്രസംഗ മത്സരം, ക്വിസ് എന്നിവയാണ് മത്സരത്തിന്റെ ഭാഗം. ഞാറക്കൽ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോണോ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ വിദ്യാർഥി എം. എൽ. പ്രണവ് 'എന്റെ ഗുരുനാഥൻ' കവിത ചൊല്ലി. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി. എസ്.സുഭിരാജ്, ഹെഡ്മിസ്ട്രസ് കെ.ആർ.രജിത, മലയാളം അദ്ധ്യാപകരായ ദർശന ഹരിദാസ്, എസ്.അനിൽ രാജ്, പി.ടി.എ. വൈസ് പ്രസിഡന്റ് ജിജിമോൾ, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലിജിയ ജോസ്, മാരിടൈം ബോർഡ് അംഗം സുനിൽ ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു.