കൊച്ചി: രക്ഷപ്പെട്ട കുറുവാ സംഘാംഗങ്ങൾക്കായി ജില്ലയിലും വ്യാപക തെരച്ചിൽ പുരോഗമിക്കവേ കുണ്ടന്നൂർ പാലത്തിന് കീഴിൽ ടെന്റ് കെട്ടി താമസിച്ചിരുന്നവരെ പൊലീസ് ഒഴിപ്പിച്ചു. കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന കർണാടക സ്വദേശികളെയാണ് ഇവിടെനിന്ന് ഒഴിപ്പിച്ചത്. ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞദിവസം പൊലീസ് നിർദ്ദേശം നൽകിയിരുന്നു. കുണ്ടന്നൂരിൽ വാടകയ്ക്ക് താമസിക്കാനുള്ള സാഹചര്യം ഇവർക്ക് ഒരുക്കിക്കൊടുത്തതായാണ് വിവരം. കുറുവാ കവർച്ചാ സംഘാംഗം ഇവിടെയാണ് തമ്പടിച്ചിരുന്നത്.
ഒരുമാസം കുണ്ടന്നൂർ പാലത്തിനടിയിൽ കഴിഞ്ഞ കുറുവ സംഘാംഗങ്ങളെ പിടികൂടിയതോടെ മരട് നിവാസികൾ ഭീതിയിലാണ്. ലഹരിമരുന്നു വില്പനക്കാർ, ക്രിമിനലുകൾ, മോഷ്ടാക്കൾ തുടങ്ങിയവർ ഇവിടമാണ് കേന്ദ്രമാക്കുന്നത്. പൊലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട കുറുവാസംഘാംഗം സന്തോഷ് ശെൽവരാജ് പാലത്തിന് സമീപത്തെ ചതുപ്പിലാണ് ഒളിച്ചിരുന്നത്. നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടുന്നത്. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവരെയും മരട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരും ഇവിടെനിന്ന് ഒഴിഞ്ഞുപോയിട്ടുണ്ട്.
പറവൂരിലെ കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ മേഖലയിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തി. മോഷ്ടാക്കൾ എത്തിയ കുമാരമംഗലം മേഖലയുടെ രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള ദൃശ്യങ്ങളാണ് ശേഖരിച്ചത്. മോഷ്ടാക്കൾ സഞ്ചരിക്കാൻ സാദ്ധ്യതയുള്ള ചെറിയ വഴികളും മറ്റും കണ്ടെത്തുന്നതിനു വേണ്ടിയാണിത്. ഇതിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. മേഖലകളിലെ നാല്പതോളം വീടുകളിലെ സി.സി ടിവി ക്യാമറകൾ പരിശോധിക്കുന്നുണ്ട്. മോഷ്ടാക്കളുടെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവിടെ എത്തിയത് കുറുവാ സംഘമല്ലെന്ന നിഗമനത്തിലാണ് പൊലീസ്.