ആലുവ: വാഹനാപകടത്തിൽ മരിച്ച രണ്ട് നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ 25,000 രൂപ മാത്രം അനുവദിച്ചതിൽ ആക്ഷേപമുന്നയിച്ച് ഇടത് സഹയാത്രികനും കേരള സംഗീത നാടക അക്കാഡമി മുൻ ചെയർമാനുമായ സേവ്യർ പുൽപ്പാട്ട്. പടക്കശാല ദുരന്തത്തിൽ മരിച്ചവർക്ക് രണ്ടു ലക്ഷം വീതം അനുവദിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സംഗീത നാടക അക്കാഡമി അവാർഡ് നേടിയ ബാബു ആലുവയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മികച്ച നാടക സംവിധായകനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് കൂടിയായ സേവ്യർ പുൽപ്പാട്ട്.

എന്റെ കൂടി സർക്കാരായിട്ടും കലാകാരന്മാർക്ക് സർക്കാരിൽ നിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നത് പ്രതിഷേധാർഹമാണ്. അപകടത്തിൽ മരിച്ച നടിമാരുടെ കുടുംബത്തിന് കൂടുതൽ തുക നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.ഐ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അസീസ് മനക്കൽ ഉപഹാരം സമർപ്പിച്ചു.