കൊച്ചി: മിൽമ എറണാകുളം മേഖല യൂണിയന്റെ ഭരണം അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് മുൻചെയർമാൻ ജോൺ തെരുവത്ത് ഉൾപ്പടെയുള്ള ആറ് ഭരണസമിതി അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിക്കാത്തതിനാലാണ് തിരഞ്ഞെടുപ്പിന് അനുമതി ലഭിക്കാത്തത്. കേസ് കൊടുത്താൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് യൂണിയൻ പോകും.

2019ൽ ഇതേ സാഹചര്യത്തിൽ മൂന്നു മേഖലാ യൂണിയനുകളും കോൺഗ്രസിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. കോടതിയെ സമീപിച്ച തിരുവനന്തപുരം, മലബാർ മേഖലാ യൂണിയനുകൾ അന്ന് അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ പോയി. എറണാകുളം മേഖല യൂണിയൻ ഭേദഗതി അംഗീകരിച്ച് തിരഞ്ഞെടുപ്പിലേക്ക് പോയി ഭരണം നിലനിർത്തി.

കെ.പി.സി.സി. നേതൃത്വം എറണാകുളം മേഖലാ യൂണിയൻ ഭരണസമിതി അംഗങ്ങളോട് ഭേദഗതികൾ അംഗീകരിക്കാൻ രണ്ടു വട്ടം നിർദേശിച്ചിട്ടുണ്ട്.

യൂണിയനിൽ നിലവിൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം ഉണ്ട്. നവംബർ ഒന്നിന് ചേർന്ന മേഖല യൂണിയൻ ഭരണസമിതി യോഗം ഏകകണ്ഠമായി പുതിയ ഭേദഗതികൾ അംഗീകരിക്കാൻ തീരുമാനിച്ചിട്ടും 14 ന് ചേർന്ന വിശേഷാൽ പൊതുയോഗത്തിൽ ചെയർമാൻ മൂന്നുപ്രാവശ്യമേ മത്സരിക്കാവൂ എന്ന വ്യവസ്ഥമാത്രം അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു.

മേഖല യൂണിയനിലും മിൽമ ഫെഡറേഷനിലും അംഗങ്ങൾക്ക് മൂന്ന് തവണ എന്ന നിബന്ധന ബാധകമാണെന്ന ഭേദഗതി നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചതാണെന്നും ഇവർ പറഞ്ഞു.
ഭാസ്കരൻ ആദംകാവിൽ, ഗോപാലകൃഷ്ണൻ നായർ, പോൾ മാത്യു, താരാ ഉണ്ണികൃഷ്ണൻ, സോണി ഈറ്റക്കൻ എന്നിവരാണ് പ്രസ്താവനയിറക്കിയ മറ്റ് അംഗങ്ങൾ.