
ബ്രിട്ടീഷ് കാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതുന്ന പ്രക്രിയയിലാണ് കേന്ദ്രസർക്കാർ. പുതിയ ക്രിമിനൽ നിയമങ്ങൾ കാര്യമായ എതിർപ്പുകൂടാതെ പ്രാബല്യത്തിലാക്കിയത് വലിയ നേട്ടമായി. വഖഫ് നിയമഭേദഗതി നീക്കത്തിനൊപ്പം തന്നെ 1923ലെ മുസൽമാൻ വഖഫ് ആക്ട് റദ്ദാക്കാനുള്ള ബില്ലും പാർലമെന്റിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ് ലോക്‌സഭ പാസാക്കിയ ഭാരതീയ വായുയാൻ വിധേയക് ബിൽ(ഇന്ത്യൻ ഏവിയേഷൻ ബിൽ). രാജ്യസഭയുടെ കടമ്പ കടന്ന് ബിൽ പ്രാബല്യത്തിലാൽ 1934ലെ എയർക്രാഫ്ട് ആക്ട് ഓർമ്മയാകും. വിമാനങ്ങൾക്കുനേരെ നിരന്തരമുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷാ നിയമഭേദഗതികളും വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ നവീകരണം ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ പുതിയ വായുയാൻ വിധേയക് ബിൽ അവതരിപ്പിച്ചത്. നിലവിലുള്ള നിയമത്തിലെ അവ്യക്തതകൾ പരിഹരിച്ച് സിവിൽ ഏവിയേഷൻ ചട്ടങ്ങൾ നവീകരിക്കാനും ലളിതമാക്കാനുമാണ് നിർദ്ദിഷ്ട ബിൽ ശ്രമിക്കുന്നത്. വ്യോമഗതാഗതവും സുരക്ഷയും ബിസിനസുമെല്ലാം ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുകയും ചെയ്യും.
സ്വയംപര്യാപ്തതയ്ക്കായുള്ള ആത്മനിർഭർ ഭാരത് സംരംഭത്തെ പിന്തുണയ്ക്കുന്ന രീതിയിലുള്ള വിമാന രൂപകൽപ്പന, നിർമ്മാണം, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് സുഗമമാക്കൽ, തുടങ്ങിയവയും പുതിയ ബിൽ ലക്ഷ്യമിടുന്നു. വിമാനത്തിന്റെ പുതുക്കിയ നിർവചനത്തിൽ വാണിജ്യ വിമാനങ്ങൾ മാത്രമല്ല, ഡ്രോണുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ, പറക്കും ടാക്‌സികൾ, ചില ഇലക്ട്രോണിക് ഗ്ലൈഡറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വ്യവസ്ഥകളും അധികാരങ്ങളും
വിമാനയാത്രയിൽ സമഗ്ര സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യാത്രക്കാരുടെ സ്‌ക്രീനിംഗ്, ബാഗേജ് പരിശോധന തുടങ്ങിയവയിൽ എയർപോർട്ട് സുരക്ഷാ പ്രോട്ടോക്കോളുകളുണ്ടാകും. വിമാനാപകടങ്ങളെയും സംഭവങ്ങളെയും കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ എയർക്രാഫ്റ്റ് ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് സ്വതന്ത്ര ചുമതല നൽകും. വ്യോമ വ്യവസായത്തിൽ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കും.
ഗുരുതരമായ വ്യോമയാന സാഹചര്യങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് അടിയന്തര അധികാരം നൽകും. അടിയന്തര ഘട്ടങ്ങളിൽ പൊതുസുരക്ഷ സംരക്ഷിക്കാൻ നിർണായക നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് സാധിക്കും.
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിക്കൽ, നിയന്ത്രിക്കൽ, വിമാനങ്ങൾ തടങ്കലിൽ വയ്ക്കൽ തുടങ്ങിയ അടിയന്തര ഉത്തരവുകൾ നൽകാൻ ബിൽ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നു.
വിമാനനിരക്കിലെ ചൂഷണം ഒഴിവാക്കുന്നതിനൊപ്പം വിമാനക്കമ്പനികളുടെ നിലനിൽപ്പിനും ഉതകുന്ന വിധത്തിലുള്ള താരിഫ് നയവും ഇതിലൂടെ വ്യോമയാന മന്ത്രാലയം ലക്ഷ്യമിടുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇന്ത്യൻ വ്യോമയാന മേഖലയിലെ മുഖ്യ നിയന്ത്രണ അതോറിറ്റിയായി മാറും. വിമാന രൂപകൽപ്പന, നിർമ്മാണം, അറ്റകുറ്റപ്പണികൾ, യോഗ്യതാ നിർണയം എന്നിവ ഉൾപ്പെടുത്തി ഡി.ജി.സി.എയുടെ അധികാരപരിധി വിപുലീകരിക്കും. നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ കർശനമാക്കും. അപകടങ്ങൾക്കും അധികൃതരുടെ പിഴവുകൾക്കും പെട്ടെന്നുള്ള നഷ്ടപരിഹാരവും ബിൽ വ്യവസ്ഥചെയ്യുന്നു.
വിമർശനങ്ങൾ
വ്യോമയാനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളേക്കുറിച്ച് ബിൽ നിശബ്ദത പാലിക്കുന്നുവെന്നാണ് പ്രധാന വിമർശനം. വായു ഗതാഗതവുമായി ബന്ധപ്പെട്ട ശബ്ദമലിനീകരണം, കാർബൺ ബഹിർഗമനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങളെ വേണ്ടത്ര അഭിസംബോധന ചെയ്യുന്നില്ലെന്നും വാദമുണ്ട്. ഡ്രോണുകൾ നിർദ്ദിഷ്ട നിയമത്തിന്റെ പരിധിയിലുണ്ട്. ഡ്രോണുകളുടെ വർദ്ധിച്ച ഉപയോഗം സ്വകാര്യതയേക്കുറിച്ച് പുതിയ സാമൂഹിക ആശങ്കകൾ ഉയർത്തുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഭാരതീയ വായുയാൻ വിധേയക് നിയമം എന്ന പേര് പറയാൻ എളുപ്പമല്ലെന്ന വിമർശനമാണ് മറ്റൊന്ന്.
തൊണ്ണൂറു വർഷം മുമ്പ് വെള്ളക്കാർ ആവിഷ്കരിച്ച പഴഞ്ചൻ വ്യോമനിയമവുമായാണ് ഇന്ത്യ ഇന്നും മുന്നോട്ടുപോകുന്നത്. അന്നത്തെ എയർക്രാഫ്ട് ആക്ടിൽ പിന്നീട് പല ഭേദഗതികളും കൊണ്ടുവന്നെങ്കിലും കാലഗതിക്കനുസൃതമായില്ല. ഈ സാഹചര്യത്തിൽ പുതിയ വായുയാൻ നിയമം ആകാശയാത്രയുടെ സുരക്ഷയ്ക്കും കുതിപ്പിനും പിൻബലമാകുമെന്ന് പ്രതീക്ഷിക്കാം.
....................................................
വ്യാജബോംബ് ഭീഷണി
നേരിടാനും നിയമഭേദഗതി
അടുത്തിടെ വിമാനങ്ങൾക്ക് നൂറുകണക്കിന് വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. മിക്ക സന്ദേശങ്ങളും സോഷ്യൽ മീഡിയയിലെ ഫെയ്ക് അക്കൗണ്ടുകളിൽ നിന്നായിരുന്നു. അതിനാൽ ഉറവിടം പെട്ടെന്ന് കണ്ടെത്താൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ല. ഖലിസ്ഥാൻ ഭീഷണി നിലനിൽക്കുന്നതിനാൽ വിഷയത്തിന് ഗൗരവമേറി. ഇരുനൂറോളം ഫ്ലൈറ്റുകൾ റദ്ദാക്കി. ഓരോന്നിനും രണ്ടും മൂന്നും കോടതി രൂപ വീതം നഷ്ടം സംഭവിച്ചു. ഒക്ടോബർ അവസാനവാരം കൊച്ചിയിൽ നിന്ന് പറന്നുയർന്ന നാല് വിമാനങ്ങൾക്ക് എക്സിലൂടെ(ട്വിറ്റർ) ആണ് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നീട് രാജ്യത്തിന്റെ പലഭാഗത്തുനിന്നുമായി ഏതാനും യുവാക്കൾ അറസ്റ്റിലായിരുന്നു. ഇനിയും ഇത് ആവർത്തിക്കാതിരിക്കാനാണ് കേന്ദ്രം കർശന ശിക്ഷാ വ്യവസ്ഥകളോടെ നിയമഭേദഗതികൾ കൊണ്ടുവരുന്നത്. എയർക്രാഫ്ട്സ് സെക്യൂരിറ്റി റൂൾസ്, 1982ലെ സപ്രഷൻ ഒഫ് അൺലോഫുൾ ആക്ടിവിറ്റീസ് എഗൻസ്റ്റ് സേഫ്ടി ഒഫ് സിവിൽ ഏവിയേഷൻ ആക്ട് എന്നിവയാണ് ഭേദഗതി ചെയ്യുക. ഭീഷണി സന്ദേശം അയയ്ക്കുന്നവരുടെ വിമാനയാത്രകൾ ആജീവനാന്തം വിലക്കുകയും ചെയ്യും.