vakkojm

കവി​ എസ്. രമേശൻനായർ തന്റെ പ്രധാന കൃതി​യായ 'ഗുരുപൗർണമി"യി​ൽ അഡ്വ. വക്കം എൻ. വി​ജയനെ വി​ശേഷി​പ്പി​ക്കുന്നത് ഇങ്ങ​നെ: 'പെയ്യുന്ന മഴയ്ക്ക് മേഘവും,​ ചുരത്തുന്ന പാലിന് പശുക്കളും,​ ഒഴുകുന്ന വെള്ളത്തിന് പുഴയും,​ സ്വന്തം സുഗന്ധത്തിന് പൂക്കളും ഒന്നും തിരിച്ചു പ്രതീക്ഷിക്കാത്തതുപോലെ ഇവിടെ ഇങ്ങനെ ഒരു മനുഷ്യൻ! ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ സ്വജീവിതത്തിൽ ഉൾക്കൊണ്ട് ഒരു പരമസാത്വികൻ."

അഡ്വ. വക്കം എൻ. വിജയൻ എന്ന അസാധാരണനായ അഭിഭാഷകനും സാമൂഹ്യപ്രവർത്തകനും ഓർമ്മകളിലേക്ക് പിൻവാങ്ങിയിട്ട് ഇന്ന് (നവംബർ 21)​ ഒരു വർഷം. തന്റെ നിയമജ്ഞാനവും സ്വാധീനവും സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടിയല്ലാതെ അകമഴിഞ്ഞ് വിനിയോഗിച്ച സൗമ്യനായ മനുഷ്യസ്നേഹിയെ തേടി എറണാകുളം രാജാജി റോഡിലെ 'മിഥില"യിലേക്കു വന്നവരിൽ സാധാരണക്കാർ മുതൽ രാഷ്ട്രീയ ഭീഷ്മാചാര്യന്മാർ വരെയുണ്ടായിരുന്നു.

സ്വന്തം നിലപാടുകൾ മുഖം നോക്കാതെ ആരോടും സൗമ്യമായ പുഞ്ചിരിയോടെ പറയുന്ന വക്കം വിജയനെ ആർക്കും പെട്ടെന്ന് മറക്കാനാവില്ല. 1938-ൽ ജനിച്ച അദ്ദേഹത്തിന് സ്വാതന്ത്ര്യ സമരസേനാനി​യായ പി​താവ് എം. നാരായണനി​ൽ നി​ന്ന് പൊതുപ്രവർത്തനം പൈതൃകമായി ലഭിച്ചതാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം എറണാകുളം ലാ കോളേജിൽ നിന്ന് നിയമ ബിരുദമെടുത്തു. പ്രഗത്ഭനായ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ടി.വി. പ്രഭാകരന്റെ ജൂനിയറായി പ്രാക്ടീസ് ആരംഭിച്ചു.

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ കേരള ഘടകം ഉപാദ്ധ്യക്ഷൻ, ദേശീയ ഹിന്ദി പ്രചാര സഭ ഉപാദ്ധ്യക്ഷൻ, കേരള സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം, ആലുവ അദ്വൈതാശ്രമം ഉപാദ്ധ്യക്ഷൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം, ശിവഗിരി തീർത്ഥാടന കനക ജൂബിലി കേന്ദ്ര കമ്മിറ്റി കൺവീനർ തുടങ്ങി വിവിധ പദവികൾ ഇതിനിടെ വഹിച്ചു. കേരളകൗമുദി റീഡേഴ്സ് ക്ളബ്ബ് പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിച്ചു. 1996 ഫെബ്രുവരി 14-ന് എറണാകുളത്ത് സഹോദരൻ അയ്യപ്പന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നതിനും,​ രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കർ ദയാൽ ശർമ്മയെക്കൊണ്ട് പ്രതിമ അനാച്ഛാദനം ചെയ്യിക്കുന്നതിനും പിന്നിൽ സമിതി കൺവീനർ അഡ്വ. വക്കം വിജയനായിരുന്നു. കായിക്കരയിലെ ആശാൻ സ്മാരകത്തെ 'കലാഗ്രാമ"മെന്ന പേരിൽ മാറ്റിയത് വക്കം വിജയന്റെ പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളാണ്.

മുൻ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദൻ, പി.കെ. വാസുദേവൻ നായർ, മുൻ ജില്ലാ കളക്ടർ കെ.ആർ. രാജൻ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ. ദാമോദരൻ, കെ. കണാരൻ, പി. ഗംഗാധരൻ, സംവി​ധായകരായ അടൂർ ഗോപാലകൃഷ്ണൻ, കെ. പി. കുമാരൻ, ലെനിൻ രാജേന്ദ്രൻ തുടങ്ങിയവരുമായി ഹൃദയബന്ധം പുലത്തിയിരുന്ന വക്കം വിജയൻ,​ അടൂരിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത 'സ്വയംവരം" എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുമായി ഉണ്ടായിരുന്ന സവിശേഷമായ സ്നേഹബന്ധത്തിന് വഴിയൊരുക്കിയതിനു പിന്നിലും വക്കീലുണ്ട്. എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.കെ. വിശ്വനാഥൻ, എം.കെ. രാഘവൻ, എൻ. ശ്രീനിവാസൻ, പ്രൊഫ. പി.എസ്. വേലായുധൻ തുടങ്ങിയവരുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്നു.