road-piravom

പിറവം: പിറവം - എറണാകുളം റോഡിൽ പാഴൂർ മുതൽ പേപ്പതി വരെയുള്ള ഭാഗത്തെ അപകടകരമായ കൊടുംവളവുകളും കയറ്റിറക്കങ്ങളും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രാരംഭപഠനം പൂർത്തിയായി. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കർ ബഡ്ജറ്റിൽ നാലുലക്ഷം രൂപ വകയിരുത്തിയിരുന്നു. നാറ്റ്പാക്കിന്റെ ഉൾപ്പെടെയുള്ള നാല് അലൈമെന്റുകളെ സംബന്ധിച്ച് സർവകക്ഷിയോഗം ചേർന്ന് ചർച്ച നടത്തി. പാഴൂർ-പേപ്പതി സെക്ടറിൽ സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാത്തതും വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ നഷ്ട്ടപ്പെടുന്നത് പരമാവധി ഒഴിവാക്കിയുമുളള അലൈൻമെന്റിന് അംഗീകാരം നൽകണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ലഭ്യമായിരിക്കുന്ന അലൈൻമെന്റിൽ വിശദമായ പഠനം നത്തി ഡി.പി.ആർ. തയാറാക്കാൻ അനൂപ് ജേക്കബ് എം.എൽ.എ. നിർദ്ദേശം നൽകി. യോഗത്തിൽ വിവിധ കക്ഷിനേതാക്കൾ, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി.എക്സിക്യുട്ടീവ് എൻജിനീയർ ജൂലിൻ ജോസ്,​ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഡി.പി.ആർ. പൂർത്തിയായതിനു ശേഷം മാത്രമേ എത്ര കെട്ടിടങ്ങളും കൃഷി ഭൂമി ഉൾപ്പെടെയുള്ള സ്ഥലങ്ങളും ഏറ്റെടുക്കേണ്ടി വരുമെന്ന് അറിയാൻ കഴിയൂ. ഡി.പി.ആർ. തയാറാക്കി കഴിഞ്ഞാൽ നിശ്ചിത അലൈൻമെന്റിലുള്ള വസ്തു‌വകകളുടെ മൂല്യ നിർണയം റവന്യൂ അധികൃതർ നടത്തി നഷ്ട പരിഹാരതുക നിശ്ചയിക്കും.