
കൊച്ചി: ശബരിമല തീർത്ഥാടകർക്കായി എത്തിച്ച ബസ് കത്തിനശിച്ച സംഭവത്തിൽ മൂന്നുതലത്തിൽ അന്വേഷണം നടക്കുന്നതായി കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സി മാവേലിക്കര റീജിയണൽ വർക്‌ഷോപ്പിലെ വർക്സ് മാനേജർ, ആറ്റിങ്ങൽ ഡിപ്പോയിലെ എൻജിനിയർ, പമ്പ പൊലീസ് എന്നിവർ അന്വേഷിക്കുന്നതായി കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ലാ ഓഫീസർ പി.എൻ.ഹേന സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ പറയുന്നു. റിപ്പോർട്ടുകൾ സമർപ്പിക്കാൻ സർക്കാരും കെ.എസ്.ആർ.ടി.സിയും സമയം തേടിയതിനാൽ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്.മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് വിഷയം ഇന്ന് പരിഗണിക്കാൻ മാറ്റി.
17ന് പുലർച്ചെ പമ്പ- നിലയ്ക്കൽ പാതയിലെ പ്ലാത്തോടുവച്ചാണ് കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസിന് തീപിടിച്ചത്. ശബരിമല സർവീസിനായി ഉപയോഗിക്കുന്ന 205 ബസുകൾക്കും ഫിറ്റ്നെസ് കാലാവധി ശേഷിക്കുന്നുണ്ടെന്നും പൊലീസ് ആവശ്യപ്പെട്ടാൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.
നടപടികൾ ഫലപ്രദം
ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലെയും നിലയ്‌ക്കലിലെയും കുടിവെള്ള വിതരണം സംബന്ധിച്ച് വാട്ടർ അതോറിട്ടി റിപ്പോർട്ട് നൽകി. എരുമേലി ധർമ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ട് തത്‌സമയ ബുക്കിംഗ്, അന്നദാന, ശൗചാലയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. തീർത്ഥാടകർക്ക് എരുമേലിയിലും ചുക്കുവെള്ളവും ബിസ്ക്കറ്റും വിതരണം ചെയ്യുന്നുണ്ട്.
അയ്യപ്പസേവാ സംഘം
കെട്ടിടം ഒഴിപ്പിച്ചു
കൊച്ചി: ശബരിമലയിലും പമ്പയിലും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ കൈവശമുണ്ടായിരുന്ന കെട്ടിടങ്ങൾ ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വത്തിന് കൈമാറി. ഇത് ശബരിമലയിൽ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ താമസത്തിന് വിനിയോഗിക്കും.
അയ്യപ്പ സേവാസംഘം ഭരണസമിതിയിലെ തർക്കം കാരണം ഒരു വർഷമായി കെട്ടിടങ്ങൾ അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുത്തത്. സന്നിധാനത്തെ കെട്ടിടത്തിന്റെ താക്കോൽ നേരത്തേ തന്നെ ഭാരവാഹികൾ ശബരിമല സ്പെഷ്യൽ കമ്മിഷണർക്ക് കൈമാറിയിരുന്നു. എന്നാൽ പമ്പയിലെ കെട്ടിടത്തിന്റെ താക്കോൽ കൈവശം വച്ചിരിക്കുകയായിരുന്നു. കോടതി വീണ്ടും ഇടപെട്ടതിനെതുടർന്ന് താക്കോൽ ഇന്നലെത്തന്നെ കൈമാറാമെന്ന് സേവാസംഘം അറിയിച്ചു. ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം തുടരുന്നതിനാൽ ക്രമസമാധാനം ഉറപ്പാക്കാൻ പമ്പ പൊലീസിനോട് കോടതി നിർദ്ദേശിച്ചു.