• ശിവലിംഗ പുന:പ്രതിഷ്ഠയും ഗുരുദേവ പ്രതിഷ്ഠയും സ്വാമി സച്ചിദാനന്ദ നിർവഹിക്കും
കൊച്ചി: തൃപ്പൂണിത്തുറ എരൂർ ശ്രീനരസിംഹാശ്രമത്തിൽ നരസിംഹസ്വാമി സമാധി ദിനാചരണം ഇന്ന് നടക്കും. പുതുതായി നിർമ്മിച്ച നരസിംഹസ്വാമി മണ്ഡപത്തിൽ രാവിലെ 7.30ന് ശിവലിംഗ പുന:പ്രതിഷ്ഠയും ഗുരുദേവ പ്രതിഷ്ഠയും ശ്രീനാരായണധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിർവഹിക്കും.
10.30ന് നടത്തുന്ന സമാധി സമ്മേളനത്തിൽ സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് മുൻപ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണവും ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണവും നടത്തും. കെ.ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയാകും. തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ്, ഇൻകംടാക്സ് ജോ.കമ്മിഷണർ ജ്യോതിഷ് മോഹൻ, എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, പീപ്പിൾസ് അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് സി.ഇ.ഒ കെ. ജയപ്രസാദ് എന്നിവർ സംസാരിക്കും. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ട്രഷററും നരസിംഹാശ്രമം സെക്രട്ടറിയുമായ സ്വാമി ശാരദനന്ദ സ്വാഗതവും പൃഥ്വിരാജ് രാജേഷ് നന്ദിയും പറയും.
ആശ്രമത്തിൽ നരസിംഹ സ്വാമി സമാധിമണ്ഡപം നിർമ്മിച്ച് സമർപ്പിക്കുന്ന രാജേഷ് ഗോപാലിന് സ്വാമി സച്ചിദാനന്ദ ഉപഹാരം നൽകും.
ശ്രീനരസിംഹസ്വാമി
പറവൂർ എളന്തിക്കരയിൽ ജനിച്ച നരസിംഹസ്വാമി ശ്രീനാരായണ ഗുരുദേവന്റെ സന്തതസഹചാരിയായിരുന്നു. ഗുരുദേവൻ പ്രതിഷ്ഠകൾ നിർവഹിച്ച ക്ഷേത്രങ്ങളിൽ ഏറെയും ഗുരുവിന്റെ അനുജ്ഞപ്രകാരം നിരസിംഹസ്വാമി നേതൃത്വം നൽകി നിർമ്മിച്ചവയാണ്. സ്വാമിയുടെ ജീവിതംകൊണ്ടും സമാധികൊണ്ടും പുണ്യമാർന്ന സങ്കേതമാണ് എരൂർ നരസിംഹാശ്രമം.