1

 വടവുകോട് ബ്ലോക്ക് പഞ്ചാ. മുൻ ഭരണ സമിതിക്കെതിരെ പരാതി.

കോലഞ്ചേരി: അരക്കോടിയുടെ കാർഷിക യന്ത്രങ്ങൾ വാങ്ങിയതിൽ ലക്ഷങ്ങളുടെ കോഴ വാങ്ങിയെന്ന് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ ഭരണ സമിതിക്കെതിരെ വിജിലൻസിന് പരാതി. ഷെഡിൽ കയറ്റിയ യന്ത്രങ്ങൾ നിലവിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. ഉപകരണങ്ങൾ സംരക്ഷിക്കാനുള്ള ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നില്ല.

2015 മുതൽ 2020 വരെയുള്ള യു.ഡി.എഫ് ഭരണകാലത്താണ് 60 ലക്ഷം രൂപ മുടക്കി രണ്ട് ട്രാക്ടറും ഒരു കൊയ്ത് മെതിയന്ത്രവും വാങ്ങിയത്. വാങ്ങി ഷെഡിലിട്ടതല്ലാതെ ഒരിക്കൽ പോലും പുറത്തിറക്കിയിട്ടില്ല. വിപണിയിൽ നല്ല ഗുണമേന്മയും എല്ലാത്തരം കൃഷിയിടങ്ങൾക്കും അനുയോജ്യമായ യന്ത്രങ്ങൾ ഉള്ളപ്പോഴായിരുന്നു കേട്ടുകേൾവി പോലുമില്ലാത്ത കമ്പനിയിൽ നിന്നും യന്ത്രങ്ങൾ വാങ്ങി ലക്ഷങ്ങൾ വെട്ടിപ്പ് നടത്തിയതായി ആരോപണമുയരുന്നത്. ഇവ ഉപയോഗിക്കുന്നതിനുള്ള പരിശീലനം കമ്പനി നൽകുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും യന്ത്രങ്ങൾ ബ്ലോക്കിൽ എത്തിച്ച ശേഷം അവർ തിരിഞ്ഞു നോക്കിയിട്ടില്ല.

 പരാതികളേറെ

യന്ത്രങ്ങൾ വാങ്ങിയ ഇടപാടിൽ ഭരണമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഇടനിലക്കാരും ലക്ഷങ്ങൾ തട്ടിയെടുത്തതായി കാണിച്ച് എൻ.സി.പി എസ് ജില്ലാ ജനറൽ സെക്രട്ടറി എം.എം. പൗലോസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്റി, വിജിലൻസ്, ഓംബുഡ്സ്മാൻ എന്നിവർക്ക്

പരാതി നൽകി. തുരുമ്പെടുത്ത് നശിക്കുന്ന യന്ത്രങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് നിലവിലുള്ള ഭരണസമിതിയുടെ നിലപാട്. അക്കാര്യത്തിൽ നിരവധി കത്തിടപാടുകൾ നടത്തിയതായും അവർ പറയുന്നു. യന്ത്രങ്ങൾക്ക് അന്ത്യ കൂദാശയൊരുക്കി കാത്തിരിക്കുന്നതല്ലാതെ ഫലപ്രദമായ ഒരു നടപടിക്കും ഭരണമുന്നണി ഒരുങ്ങുന്നില്ല.

കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ഉപയോഗിച്ചുവരുന്ന യന്ത്രങ്ങൾ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. റാമ്പ് വഴി പാടത്തിറക്കാൻ കഴിയാത്തതാണ് യന്ത്രങ്ങൾ. കൊയ്ത് മെതി യന്ത്രത്തിനുള്ള അമിതമായ ഉയരം നെൽ പാടങ്ങൾക്ക് സമീപമുള്ള ഇലക്ട്രിക് ലൈനുകളിൽ തട്ടുന്ന വിധമാണ് രൂപ കല്പന. ഉപയോഗിക്കാൻ കഴിയില്ലെന്ന് വ്യക്തമായി അറിഞ്ഞിട്ടും യാതൊരുവിധ സാദ്ധ്യതാ പഠനം പോലുംനടത്താതെയാണ് ഇത്രയധികം പണം ചെലവഴിച്ചതെന്നാണ് ആരോപണം.