bike

പറവൂ‌ർ: ദേശീയപാതയിൽ മൂത്തകുന്നം പാലത്തിന് സമീപത്ത് വച്ച് അപകടത്തിൽപ്പെട്ട മോട്ടോർ ബൈക്ക് കാണാതായി. വാഹനയുടമയുടെ മകന്റെ പരാതിയിൽ വടക്കേക്കര പൊലീസ് മോഷണ കേസെടുത്തു. ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയെന്നാണ് നിഗമനം. പറവൂരിൽ ബിസിനസ് ചെയ്യുന്ന കൊടുങ്ങല്ലൂർ മേത്തല അടിപ്പാലം മുഴുക്കര വീട്ടിൽ മജീദ് (68) കഴിഞ്ഞ 13ന് രാത്രിയിൽ വീട്ടിലേക്ക് പോകുന്നവഴി മൂത്തകുന്നം പാലത്തിന് സമീപത്ത് വച്ച് കാറുമായി കൂട്ടിയിടിച്ചു. പരിക്കേറ്റ മജീദിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മജീദിന്റെ ബന്ധുകൾ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് റോഡിൽ കാണുന്നില്ലെന്ന വിവരം ലഭിച്ചത്. കൂട്ടിയിടിച്ച കാർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുണ്ട്. കെ.എൽ. 42 എ 9044 എന്ന നമ്പറിലുള്ള ബൈക്കാണ് കാണാതായത്. അപകടം നടന്നതിന്റെ അടുത്ത ദിവസം ഗുഡ്സ് ഓട്ടോറിക്ഷയിൽ ബൈക്ക് കയറ്റിക്കൊണ്ടുപോയതായി വിവരം ലഭിച്ചിട്ടുണ്ട്. വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.