kvves

നെടുമ്പാശേരി: വ്യാപാരി സമൂഹത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ലേബർ രജിസ്‌ട്രേഷൻ ക്യാമ്പുകളിൽ വ്യാപാരികളുടെ സഹകരണം ആവശ്യമാണെന്ന് അങ്കമാലി ലേബർ ഓഫീസർ കെ.എ. ജയപ്രകാശ് പറഞ്ഞു. ലേബർ ഓഫീസ് പരിധിയിലെ വ്യാപാരികൾക്കായി സംഘടിപ്പിച്ച ശില്പശാല കുറുമശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷോപ്പ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം വ്യാപാരം തുടങ്ങി 60 ദിവസത്തിനുള്ളിൽ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അതോടൊപ്പം രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥാപനങ്ങളിൽ ലൈസൻസ് പ്രദർശിപ്പിക്കണമെന്നും തൊഴിലാളികൾ ഉണ്ടെങ്കിൽ അവരെയും ലേബർ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറുമശേരി യൂണിറ്റ് പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കെ.ബി.സജി, ഷാജു സെബാസ്റ്റ്യൻ, ജോയ് ജോസഫ്, ജോസ് ആലുക്ക, എ.വി.രാജഗോപാൽ, കെ.ജെ. ഫ്രാൻസിസ്, സി.ഡി. ആന്റു, പി.പി. ബാബുരാജ്, പി.പി. ശ്രീവത്സൻ, എം.വി. പോളി, ടി.പി.ആന്റണി എന്നിവർ സംസാരിച്ചു.