
അങ്കമാലി: രണ്ട് വർഷം കൊണ്ട് തീർക്കുമെന്ന് പറഞ്ഞ് തുടങ്ങിയ കരയാംപറമ്പ് -മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡിന്റെ നിർമ്മാണം
മൂന്നരവർഷമായിട്ടും തീർന്നില്ല. റോഡ് ബി.എം ബി.സി നിലവാരത്തിൽ 10 മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിനായി കേരള റീബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം അനുവദിച്ചത്. കരാറുകാരുടെ താത്പര്യത്തിനനുസരിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. 19.9 കിലോമീറ്റർ ദൂരത്തിൽ ബി.എം. ബി. സി നിലവാരത്തിലുള്ള റോഡും റോഡിന്റെ ഇരുവശങ്ങളിലും കാനയും നിർമ്മിക്കാനായിരുന്നു പദ്ധതി. 2021ൽ ആണ് നിർമ്മാണം ആരംഭിച്ചത്. മൂന്നര കൊല്ലമായിട്ടും എഴു പതു ശതമാനം നിർമ്മാണം മാത്രമാണ് നടന്നിട്ടുള്ളത്. റോഡിനിരുവശങ്ങളിലെ കാനകളുടെ നിർമ്മാണം ഒരിടത്തും പൂർത്തിയായിട്ടുമില്ല. ഇതുവരെ പണിത പലയിടത്തും നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. പ്രധാനമായും പറമ്പയം മുതൽ പാലിശ്ശേരി വരെയുള്ള റോഡിന്റെ നിർമ്മാണമാണ് പൂർത്തീകരിക്കാനുള്ളത്.
98 കോടി റോഡിനായി അനുവദിക്കപ്പെട്ട തുക
19.9 കിലോമീറ്റർ ദൂരം - 10 മീറ്റർ വീതി
നിർമ്മാണത്തിന്റെ പൂർണ്ണ മേൽ നോട്ടം കെ.എസ്.ടി.പിക്ക്
ടെണ്ടർ എടുത്തത് മേരി മാതാ കൺസ്ട്രക്ഷൻ കമ്പനി
നിർമ്മാണത്തിൽ അപാകതയും
നിർമ്മാണത്തിലെ അപാകത മൂലം നിരവധി പേർ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഒരാഴ്ച മുമ്പ് താബോറിനും പുതംകുറ്റിക്കും ഇടയിൽ റോഡിൽ ഇളകിയ മെറ്റലിൽ തെന്നി നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടിരുന്നു. നിർമ്മാണം പൂർത്തിയായി വരുന്ന മൂക്കന്നൂർ-ഏഴാറ്റുമുഖം റോഡിൽ താബോർ കയറ്റത്തിലുള്ള വളവിൽ റോഡ് നിർമ്മാണത്തിൽ സംഭവിച്ചിട്ടുള്ള അപാകതകളും പിഴവുകളും പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
1. താബോർ കയറ്റത്ത് ആരാധനമഠത്തിന് സമീപമുള്ള വളവിലാണ് നിർമ്മാണപ്പിഴവ് സംഭവിച്ചിട്ടുള്ളത്. നിർമ്മാണവേളയിൽ ടാറിംഗ് വീതി കുറച്ചത് മൂലം കുപ്പിക്കഴുത്തിന് സമാനമായി
2. റോഡിന്റെ നിർമ്മാണം വിലയിരുത്താനും പ്രാദേശികമായി ജനങ്ങൾ ഉയർത്തുന്ന പരാതികളെ സംബന്ധിച്ച് ചർച്ച ചെയ്യാനും മോണിട്ടറിംഗ് കമ്മിറ്റി യോഗം വിളിക്കുന്ന പതിവ് ഈ റോഡിന്റെ നിർമ്മാണ ഘട്ടത്തിൽ ഉണ്ടായില്ലെന്ന് ജനപ്രതിനിധികൾ ആക്ഷേപം ഉന്നയിക്കുന്നു
3. അപാകതകൾ പരിഹരിച്ച് റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാനുള്ള ഇടപെടലുകൾ ബന്ധപ്പെട്ടവരിൽ നിന്നുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു