പെരുമ്പാവൂർ : എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവിൽ നിയോജകമണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കൽ പുരോഗമിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ പറഞ്ഞു. തുടർ പരിപാലന ചെലവുകൾ വഹിക്കാമെന്ന് ഉറപ്പു നൽകുന്ന പഞ്ചായത്തുകളിലാണ് മൂന്നു വർഷത്തെ ഗ്യാരണ്ടിയോടു കൂടി ലൈറ്റുകൾ സ്ഥാപിക്കുന്നത്. ആദ്യത്തെ 41 ജംഗ്ഷനുകളിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഭരണാനുമതി ലഭിച്ചു. വെങ്ങോല പഞ്ചായത്തിൽ മാത്രം 31 കവലകളിലാണ് ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് . മുനിസിപ്പാലിറ്റിയിൽ ഒമ്പതിടങ്ങളിലും സ്ഥാപിക്കും. വെങ്ങോല പഞ്ചായത്തിലെ ഊട്ടിമറ്റം പൂമല ക്രഷർ ജംഗ്ഷൻ കുറ്റിപ്പാടം ബുഹാരി ജംഗ്ഷൻ ഹൈദ്രോസ് പള്ളിക്ക് മുൻവശം, സദ്ദാം റോഡ് തൈക്കാവ് ജംഗ്ഷൻ, വി.ജെ.എ.സി ക്ലബ് ജംഗ്ഷൻ തുടങ്ങി 41 ഇടങ്ങളിലാണ് ഈ മാസം ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. വേങ്ങൂർ പഞ്ചായത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് അനുമതി കൊടുത്തിട്ടില്ല. നിയോജകമണ്ഡലത്തിലെ മുന്നൂറോളം സ്ഥലങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കപ്പെടുന്നത് .