
പെരുമ്പാവൂർ: തിരക്കുളള കാളച്ചന്ത റോഡിലെ കുഴിയിൽ ചാടി തടിലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകളുടെയും രണ്ടു ബൈക്കുകളുടെയും മുകളിലേക്കു തലകീഴായി മറിഞ്ഞു. വാഹനങ്ങളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് തടിയുമായി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിനും സ്വിഫ്റ്റ് കാറിനും രണ്ടു ബൈക്കുകളുടേയും മുകളിലേക്കാണ് മറിഞ്ഞത്. രാവിലെ കുട്ടികൾ സ്കൂളുകളിലേക്കും മറ്റും പോകുന്ന സമയമായിരുന്നു. മാത്രമല്ല ചൊവ്വാഴ്ച കന്നുകാലി ചന്ത പ്രവർത്തിക്കുന്ന ദിവസവും ആയതു കൊണ്ടും റോഡരികിൽ നിർവധി വാഹmങ്ങൾ പാർക്ക് ചെയ്തിട്ടുണ്ടായിരുന്നു. നഗരസഭയിലെ 21, 22 വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശമാണിത്. കഴിഞ്ഞ ഒരു വർഷത്തോളമായി തകർന്നു കിടക്കുന്ന ഈ റോഡ് നന്നാക്കണമെന്ന് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും രണ്ടിടത്തെയും കൗൺസിലർമാരോടും നഗരസഭാധികൃതരോടും നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. ഇതിനു മുമ്പ് പലതവണ നിരവധി ബൈക്കുകൾ ഈ റോഡിലെ കുഴികളിൽ വീണ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.