
ശമ്പളം മുടങ്ങിയിട്ട് ആറുമാസം
കൊച്ചി: കാർഷിക മേഖലയിലെ വിജ്ഞാന വ്യാപന രംഗത്ത് പ്രവർത്തിക്കുന്ന ആത്മയുടെ (അഗ്രി ടെക് മാനേജ്മെന്റ് ഏജൻസി) 32 ഉദ്യോഗസ്ഥർക്ക് ശമ്പളം കിട്ടിയിട്ട് ആറ് മാസം. ജൂൺ മുതൽ ശമ്പളം ലഭിക്കുന്നില്ല. ജോയിന്റ് ഡയറക്ടർ റാങ്കിലുള്ള ജില്ലാതല ജീവനക്കാർ മുതൽ ബ്ലോക്ക് തലത്തിലുള്ള ഫീൽഡുതല ജീവനക്കാർ വരെ പട്ടിണിയിലാണ്. പത്ത് വർഷമായി കാർഷിക രംഗത്ത് പല നേട്ടങ്ങളും സമ്മാനിച്ചവരാണിവർ.
കൃഷി വകുപ്പിന് കീഴിൽ കൃഷി, മൃഗ സംരക്ഷണം, ഫിഷറീസ്, ക്ഷീര വികസനമുൾപ്പെടെയുള്ള മേഖലയിൽ വിജ്ഞാന, വ്യാപന രംഗത്ത് ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന ഏക സംവിധാനമാണ് ആത്മ. കൊവിഡ് കാലത്തും പ്രളയകാലത്തും പണിയെടുത്തവരാണിവർ. വർഷങ്ങളായി രണ്ട് മാസം ശമ്പളം കുടിശികയാണ്. മൂന്നു മാസമെത്തുമ്പോഴാണ് ഒരു മാസത്തെ ശമ്പളം നൽകിയിരുന്നത്.
കഴിഞ്ഞമാസം വന്ന ഫണ്ട് മാസം ഒന്ന് കഴിഞ്ഞിട്ടും ജില്ലകളിലേക്ക് റിലീസ് ചെയ്തിട്ടില്ല. എത്രയും വേഗം ശമ്പളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജീവനക്കാർ ആത്മ പ്രോജക്ട് ഡയറക്ടർക്ക് പരാതി നൽകി. ഇന്നലെ കരിദിനവും ആചരിച്ചു.
ആത്മയിലെ ജീവനക്കാർ എണ്ണം
പ്രോജക്ട് ഡയറക്ടർ : 01
ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ : 01
സൂപ്രണ്ട് : 01
ബ്ളോക്ക് ടെക്നോളജി മാനേജർ : 14
അസി. ടെക്നോളജി മാനേജർ : 14
കമ്പ്യൂട്ടർ പ്രോഗ്രാമർ : 01
9 ലക്ഷം
മാസം 9 ലക്ഷം രൂപയാണ് ആത്മജീവനക്കാരുടെ ശമ്പളത്തിന് വേണ്ടത്. 17 കേന്ദ്ര, സംസ്ഥാന പദ്ധതികളിലായി 4 കോടി രൂപയുടെ പദ്ധതികൾ കഴിഞ്ഞ സാമ്പത്തികവർഷം ആത്മ വഴി നടപ്പാക്കി.
ആത്മ പദ്ധതികൾ
പുതിയ വിദ്യകൾ പരിചയപ്പെടുത്തൽ
പഠന യാത്രാ സംഘാടനം
കൃഷി വകുപ്പിന്റെ ജൈവഗൃഹം
ഫാം പ്ലാൻ പദ്ധതി
കാർഷിക യന്ത്രവത്കരണം
പച്ചക്കറി വികസന പദ്ധതി
കാർഷിക സേവന കേന്ദ്രങ്ങൾ
കർമ്മസേന, കൃഷിശ്രീ സംയോജനം
ലോണുകളും ചിട്ടികളും എല്ലാം മുടങ്ങി. പെട്രോൾ അടിക്കാനോ യാത്രാ ചെലവിനോ വഴിയില്ല. പലിശക്കരുടെ ഭീഷണികൾ വേറെ. ജീവനക്കാരെല്ലാം കടുത്ത മാനസിക സമ്മർദ്ദങ്ങളിലാണ് . ആത്മഹത്യയുടെ വക്കിലാണ്.
ബി.ജയപ്രസാദ്
ജില്ലാ സെക്രട്ടറി
ആത്മ എംപ്ലോയീസ് യൂണിയൻ