
ആലുവ: സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് എടത്തല ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ എസ്.ഒ.എസ് - ചുണങ്ങംവേലി അപകടക്കെണിയിലായിട്ടും പുനരുദ്ധരിക്കാത്തതിനെതിരെ പ്രതിഷേധം ശക്തം. സംരക്ഷണ ഭിത്തി നിർമ്മിച്ചും റോഡ് ടാറിംഗ് നടത്തിയും സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പഞ്ചായത്ത് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിട്ടും മാസങ്ങൾ പിന്നിട്ടിട്ടും പുനരുദ്ധാരണത്തിന് നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിത്യേന ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് ടാറിംഗ് നടത്തിയിട്ട് വർഷങ്ങളായി. സംരക്ഷണ ഭിത്തി കെട്ടി റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം ഷൈൻ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സി.കെ. അനസ് അദ്ധ്യക്ഷനായി. പി.കെ. ലത്തീഫ്, അബ്ദുൽ കെരീം, ഷാജി മുഹമ്മദാലി, ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.