
കൊച്ചി: അടുത്തവർഷം ഫെബ്രുവരിയിൽ കൊച്ചിയിൽ നടത്തുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ വെബ്‌സൈറ്റ് വ്യവസായമന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു. പുതിയ വ്യവസായ നയത്തിലെ 22 മുൻഗണനാ മേഖലകൾ ഉച്ചകോടിയിലെ പ്രധാന ആകർഷണമാകും.
ഫെബ്രുവരി 21, 22 തിയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്ത് ലുലു കൺവെൻഷൻ സെന്ററിൽ നടക്കുന്ന നിക്ഷേപ ഉച്ചകോടിയിൽ രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
വ്യവസായ വളർച്ചയ്ക്കാവശ്യമായ നിയമഭേദഗതികളും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ റോഡ് ഷോകളും നടത്തി. ഡൽഹിയിലും മുംബയിലും റോഡ് ഷോ അടുത്തമാസം പൂർത്തിയാകും. ഗൾഫിലെ നിക്ഷേപകർക്കായി പ്രത്യേക സമ്മേളനവും നടത്തും.
വിജയകരമായി പ്രവർത്തിക്കുന്ന വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും പ്രദർശനം ഉച്ചകോടിയിലുണ്ടാകും. ബി.ടു.ബി, ബി.ടു.ജി ചർച്ചകൾ, സ്റ്റാർട്ടപ്പ് പിച്ചിംഗ് എന്നിവയുമുണ്ടാകും. ഫിക്കി, സി.ഐ.ഐ, ടൈകേരള തുടങ്ങിയ സംഘടനകളുടെ സഹകരണവും ഉച്ചകോടിയിലുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.