padam

കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം ബലപ്പെട്ടു. പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാമാണ് (50) മരിച്ചത്. തലയ്‌ക്ക് പിന്നിൽ പലയിടത്തായി ആഴത്തിൽ മുറിവുകളുണ്ടെന്നും ഒരു പല്ല് അടർന്നുപോയെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. കളമശേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്. ഈ നമ്പറിലേക്ക് വന്ന വിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. മൊബൈൽഫോൺ ആരെങ്കിലും മനപ്പൂർവം മാറ്റിയതാകാമെന്ന് സംശയമുണ്ട്.

ഞായറാഴ്ച രാത്രിയിലാണ് മൃതദേഹം കണ്ടെത്തിയത്. കാനഡയിൽ ജോലിയുള്ള ഏക മകൾ അമ്മയെ ഫോണിൽ വിളിച്ചു കിട്ടാതായപ്പോൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ സജീവമായിരുന്നു ജെയ്‌സി. ഈ മേഖലയിൽ ശത്രുതയുള്ളവരുണ്ടോ, അടുത്തിടെ നടത്തിയ സ്ഥലമിടപാട് എന്നിവ അന്വേഷണ പരിധിയിലുണ്ട്.പെരുമ്പാവൂർ സ്വദേശിയാണ് ഭർത്താവ്. നിയമപരമായി പിരിഞ്ഞിട്ടില്ലെങ്കിലും ഏറെക്കാലമായി ജെയ്‌സി അകന്നാണ് കഴിയുന്നത്. ഭർത്താവിന്റെയടക്കം മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും കളമശേരി എസ്.എച്ച്.ഒ പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.