പറവൂർ: പറവൂർ നഗരസഭയിലും ചിറ്റാറ്റുകര, ചേന്ദമംഗലം, വടക്കേക്കര, ഏഴിക്കര, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകളിലും വാർഡുകൾ വർദ്ധിപ്പിച്ചും അതിർത്തികൾ പുനർനിർണയിച്ചുമുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങി. ചിറ്റാറ്റുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ രണ്ടും പറവൂർ നഗരസഭ, ചിറ്റാറ്റുകര, ചേന്ദമംഗലം വടക്കേക്കര എന്നീ പഞ്ചായത്തുകളിൽ ഓരോ വാർഡുകളും കൂടി. ഭൂമിശാസ്ത്രവും ജനസംഖ്യയും അടിസ്ഥാനമാക്കി പുനർനിർണയിച്ചതിനാൽ മിക്ക വാർഡുകളുടെയും അതിർത്തിയിൽ മറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ദേശീയപാത, പുഴ, തോടുകൾ, റോഡുകൾ എന്നിവയാണ് അതിർത്തികളാക്കിയിട്ടുള്ളത്. പറവൂർ നഗരസഭയിൽ ഒരു വാർഡ് കൂടി,​ മുപ്പതായി. ഒരു വാർഡിൽ 340 മുതൽ 415 വരെ വീടുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1153 പേരുള്ള 25-ാം വാർഡ് കണ്ണൻചിറയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യ. ചേന്ദമംഗലം പഞ്ചായത്തിൽ ആറാം വാർഡിന്റെ പേര് പാലിയം എന്നായിരുന്നത് ചേന്ദമംഗലം എന്നായി. പന്ത്രണ്ടാം വാർഡ് ആറങ്കാവാണ് പുതിയ വാർഡ്. വടക്കേക്കര പഞ്ചായത്തിൽ പത്താം വാർഡായിരുന്ന തുരുത്തിപ്പുറം വിഭജിച്ച് തുരുത്തിപ്പുറം കിഴക്ക്, പടിഞ്ഞാറ് എന്നീ രണ്ട് വാർഡുകളാക്കി. ചിറ്റാറ്റുകര പഞ്ചായത്തിൽ രണ്ട് വാർഡ് കൂടി ഇരുപതായി. നാലാം വാർഡ് പറയകാട് വിഭജിച്ച് പറയകാട് കിഴക്ക് (5) വാർഡ് കൂടി രൂപീകരിച്ചു. നിലവിലെ 6, 7, 8 വാർഡുകളുടെ ചില പ്രദേശങ്ങൾ ചേർത്ത് മുണ്ടുരുത്തി (7) വാർഡും നിലവിൽ വന്നു. ഏഴിക്കര പഞ്ചായത്തിൽ അഞ്ചാം വാർഡ് നന്ത്യാട്ടുകുന്നം വിഭജിച്ച് നന്ത്യാട്ടുകുന്നം വെസ്‌റ്റ് (6) എന്ന പേരിൽ ഒരു വാർഡ് പുതുതായി രൂപീകരിച്ചു. പുളിങ്ങനാട് പത്താം വാർഡ് ഹെൽത്ത് സെന്ററായി. ആയപ്പിള്ളി ഏഴാം വാർഡ് ഒഴിവാക്കി. പള്ളിയാക്കൽ നോർത്ത് എന്നൊരു വാർഡും രൂപീകരിച്ചു. പുത്തൻവേലിക്കര പഞ്ചായത്തിൽ വാർഡുകളുടെ നമ്പറുകളിൽ വലിയ വ്യത്യാസമുണ്ട്. പ്രസൻറേഷൻ കോളജ്, കണക്കൻകടവ് ബ്രിഡ്ജ് എന്നിവയാണ് പുതുതായി രൂപീകരിച്ചത്.