
കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഹരിതസഭ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പാനൽ പ്രതിനിധികളായി ഹരിത സഭ നിയന്ത്രിക്കുകയും പഞ്ചായത്തിനുള്ളിലെ മാലിന്യ സംസ്കരണ രംഗത്ത് നിലനിൽക്കുന്ന പ്രവർത്തനങ്ങളെയും പ്രശ്നങ്ങളെയും സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത സഭ അംഗങ്ങൾ, സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. പങ്കെടുത്ത സ്കൂളുകൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സ്കൂളുകളിൽ പ്ലാസ്റ്റിക് ഫൈബർ പേനകൾ പരമാവധി ഒഴിവാക്കുക എന്ന് ലക്ഷ്യത്തിലേക്ക് എത്തുവാൻ പ്രചോദനമാകുന്നതിന് വേണ്ടി ഹരിതസഭയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് പേപ്പർ പേനകളും വിതരണം ചെയ്തു.