
ആലുവ: അടച്ചുപൂട്ടിയ ആലുവ പഴയ പാലസ് മന്ദിരത്തിന്റെ നവീകരണം ഏഴ് വർഷത്തിന് ശേഷം ഇന്നാരംഭിക്കും. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) ആണ് 6.36 കോടി രൂപ ചെലവ് വരുന്ന നവീകരണം ഏറ്റെടുത്തിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ് ഉപകരാർ ഏറ്റെടുത്ത് നവീകരണം നടത്തുക. 12 മാസത്തിനകം നവീകരണം പൂർത്തിയാക്കാനാണ് കരാർ.
2017ൽ പാലസ് അനക്‌സ് മന്ദിരത്തിലേക്ക് പ്രവർത്തനം മാറിയതോടെയാണ് പഴയ പാലസ് നവീകരണത്തിനായി അടച്ചത്. ആദ്യം രണ്ട് കോടി രൂപയുടെ നവീകരണത്തിന് പി.ഡബ്ല്യു.ഡി കരാറെടുത്തെങ്കിലും 2018ലെ മഹാപ്രളയത്തെ തുടർന്ന് നവീകരണം നടന്നില്ല. തുടർന്ന് കാലാവധി അവസാനിച്ചതോടെ കരാർ പുതുക്കൽ നടന്നില്ല. 2019ൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നവീകരണത്തിന് പുറമെ ലാൻഡ് സ്‌കേപ്പിംഗും മൂന്ന് വർഷത്തെ അറ്റകുറ്റപ്പണിക്കുമായി 6.5 കോടി രൂപയ്ക്കാണ് കരാർ നൽകിയെങ്കിലും സാങ്കേതികാനുമതി ലഭിക്കും മമ്പേ അവരും പിൻവാങ്ങിയിരുന്നു. മൂന്നാമതാണ് കെ.ഐ.ഐ.ഡി.സി കരാറെടുത്തത്. പഴമ നിലനിർത്തിയുള്ള നവീകരണമാണ് നടത്തുക. ഫ്‌ളോർ, ബാത്ത് റൂം, ഇന്റീരിയൽ, ലിഫ്റ്റ്, ഇലക്ട്രിഫിക്കേഷൻ, ലാൻഡ് സ്‌കേപ്പിംഗ്, മേൽക്കൂര നവീകരണം എന്നിവയാണ് പദ്ധതിയിലുള്ളത്.