• 84കാരിക്ക് അപൂർവ വാൽവ് മാറ്റിവയ്ക്കൽ
• മികവിന്റെ നെറുകയിൽ കാർഡിയോളജി വകുപ്പ്
കൊച്ചി: ഹൃദയത്തിൽനിന്ന് മഹാരക്തധമനിയിലേക്കുള്ള അയോർട്ടിക് വാൽവ് അപകടകരമാംവിധം ചുരുങ്ങിപ്പോയതിനാൽ ഗുരുതരമായ ശ്വാസതടസവുമായി പ്രവേശിപ്പിക്കപ്പെട്ട 84കാരിക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയില്ലാതെ വാൽവ് മാറ്റിവെച്ചു.
സ്വകാര്യ ആശുപത്രികളിൽ 22 ലക്ഷം വരെ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ജനറൽ ആശുപത്രിയിൽ10 ലക്ഷം രൂപയായി. ഇതിൽ 9.5 ലക്ഷം രൂപയും വാൽവിന്റെ വിലയാണ്.
ഹൃദയത്തിൽനിന്ന് മഹാ രക്തധമനിയിലേക്കുള്ള അയോർട്ടിക് വാൽവാണ് ജനറൽ അനസ്തീഷ്യ കൂടാതെയും നെഞ്ചു തുറക്കാതെയും തുടയിൽ 5 മി.മീ മാത്രം വലിപ്പമുള്ള മുറിവിലൂടെ കത്തീറ്റർ കടത്തി മാറ്റിവച്ചത്. കാത്സ്യം അടിഞ്ഞുകൂടിയ ബൈക്കസ്പിഡ് അയോർട്ടിക് വാൽവും മഹാരക്തധമനിയും ചികിത്സയുടെ സങ്കീർണത വർദ്ധിപ്പിച്ചു. വയോധികയായ രോഗിയിൽ ടി.എ.വി.ആർ (ട്രാൻസ് കത്തീറ്റർ അയോട്ടിക് വാൽവ് റീപ്ളേസ്‌മെന്റ്) ചികിത്സ ജനറൽആശുപത്രിയിൽ ആദ്യമായാണ് നടത്തുന്നത്.
കടുത്ത ശ്വാസതടസം മൂലം കട്ടിലിൽനിന്ന് അനങ്ങാൻപോലും പ്രയാസപ്പെട്ടിരുന്ന രോഗി ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാംദിവസം പരസഹായമില്ലാതെ നടക്കുകയും ചെയ്തു. 2022ൽ രാജ്യത്താദ്യമായി ഒരു ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ച്തുറക്കാതെ വാൽവ്മാറ്റ ശസ്ത്രക്രിയ നടത്തി ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗവും ഹൃദ്രോഗശസ്ത്രക്രിയ വിഭാഗവും ചരിത്രം കുറിച്ചിരുന്നു.
വിശ്വാസപരമായ കാരണങ്ങളാൽ രക്തം സ്വീകരിക്കാനാകാത്ത ഒരു രോഗിയിൽ ടി.എ.വി.ആർ ചികിത്സ ജനറൽ ആശുപത്രിയിൽ വിജയകരമായി നടത്തുകയും അതേത്തുടർന്ന് നൂതനമായ കണ്ടക്ഷൻ സിസ്റ്റം പേസിംഗ് പേസ്‌മേക്കർ ഘടിപ്പിച്ചത് 2024 ജൂലായിൽ തുർക്കിയിൽ നടന്ന അന്താരാഷ്ട്ര പേസിംഗ് സീരീസ് കോൺഫറൻസിൽ അവതരിപ്പിച്ച് ശ്രദ്ധനേടിയിരുന്നു.
ഡോ. ആഷിഷ്‌കുമാർ, ഡോ. വിജോ ജോർജ്, ഡോ. പോൾ തോമസ്, ഡോ. പ്രസാദ് പി. അനിൽ, ഡോ. ഗോപകുമാർ എം.കെ, ഡോ. ജോർജ് വാളൂരാൻ, ഡോ. രാഹുൽ സതീശൻ, ഡോ. റോഷ്‌ന, സ്റ്റാഫ് നഴ്‌സുമാരായ രാജി, സ്മിത, ഷെറിൻ എബ്രഹാം, പ്രവീൺ ജോസഫ്, സൗമ്യ സരുൺ, മനു ചാക്കോ, ടെക്‌നീഷ്യന്മാരായ പ്രവീൺ, അബിഷ, ശ്രുതി, അമൽ എന്നിവരാണ് വാൽവ് മാറ്റിവയ്ക്കൽ ടീമിലുണ്ടായിരുന്നത്.
ആശുപത്രിക്കിത് അഭിമാന നിമിഷമാണ്.
ഡോ. ഷാഹിർഷാ
ആശുപത്രി സൂപ്രണ്ട്