കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിക്കുന്ന അഡ്വ. വക്കം വിജയൻ അനുസ്മരണം നാളെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുളള സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഹാളിൽ നടക്കും. അനുസ്മരണ സദസ്സും പുരസ്കാര സമർപ്പണ ചടങ്ങും കേരള ഹൈക്കോടതി ജസ്റ്റിസ് (റിട്ട.) പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും.
ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ മുഖ്യാതിഥിയാകും. ശ്രീനാരായണ സാംസ്കാരിക സമിതി മദ്ധ്യമേഖല സെക്രട്ടറി എം.എൻ. മോഹനൻ വക്കം വിജയൻ അനുസ്മരണ പ്രഭാഷണം നടത്തും. ദീർഘകാലം സഹപ്രവർത്തകയായ അഡ്വ. വി. രഞ്ജു ഓർമ്മക്കുറിപ്പുകൾ അവതരിപ്പിക്കും.
അഡ്വ.ജെ. അശോകന് കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ വക്കം വിജയൻ സ്മാരക പുരസ്കാരം സമ്മാനിക്കും. എൽ.എൽ.ബിയ്ക്ക് മൂന്നാം റാങ്ക് കരസ്ഥമാക്കിയ പൂത്തോട്ട ശ്രീ നാരായണ ലാ കോളേജിലെ അലിയ ജാസ്മിന് വക്കം വിജയൻ സ്കോളർഷിപ്പ് നിരുപ നന്ദകുമാർ സമ്മാനിക്കും. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും വൃക്ഷസ്നേഹിയുമായ പനങ്ങാട് കെ.എം രാജുവിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിക്കും.
എസ്. എൻ.ഡി.പി. യോഗം കുന്നത്തുനാട് യൂണിയൻ മുൻ സെക്രട്ടറി എ.ബി. ജയപ്രകാശ്, ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ സെക്രട്ടറി എം.പി.സനിൽ, ഇരുമ്പനം ഷാജി എന്നിവർ സംസാരിക്കും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ.പീതാംബരൻ സ്വാഗതവും വൈസ് ചെയർമാൻ വി.എസ് സുരേഷ് നന്ദിയും പറയും