padam

കൊച്ചി: നിർദ്ധനരായ തമിഴ് സ്ത്രീകളെ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും ഫോണും കവരുന്നതു പതിവാക്കിയ യുവാവ് അറസ്റ്റിലായി. ഇടുക്കി പീരുമേട് കരടിക്കുഴി പട്ടുമലയിൽ ചൂളപ്പറത്ത് വീട്ടിൽ സജീവാണ് അറസ്റ്റിലായത്. എറണാകുളത്ത് താമസിക്കുന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് അറസ്റ്റ്.

സ്ത്രീകളെ മൂവാറ്റുപുഴയിലേക്കു കൊണ്ടുപോയ കാറിന്റെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കലൂരിൽ നിന്ന് വാടകയ്ക്ക് എടുത്ത കാറാണെന്ന് കണ്ടെത്തിയതോടെ അന്വേഷണം എളുപ്പമായി. എന്നാൽ പ്രതി എഡ്വിൻ ഷാജി എന്നയാളുടെ മേൽവിലാസവും ലൈസൻസുമാണ് ഉപയോഗിച്ചിരുന്നത്. തുടരന്വേഷണത്തിൽ ഇയാൾ ചെന്നൈയിൽ ഓൺലൈൻ ടാക്‌സി ഓടിച്ചു വരുന്നതായി തിരിച്ചറിഞ്ഞു. ചെന്നൈയിൽ നിന്ന് തൃശൂർ ഭാഗത്ത് എത്തിയതായി അറിഞ്ഞ് പൊലീസ് എത്തി പിടികൂടുകയായിരുന്നു.

സെൻട്രൽ സി.ഐ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ സബ്ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, എസ്.ഐ അനൂപ്, സി.പിഒമാരായ ഉണ്ണികൃഷ്ണൻ,ശിഹാബ്, ഹരീഷ് ബാബു എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.