വൈപ്പിൻ: തീരദേശവാസികൾക്ക് വീട് നിർമ്മിക്കുന്നതിനും മറ്റും ഒട്ടേറെ നിയന്ത്രണങ്ങളുള്ള തീരദേശപരിപാലന നിയമത്തിലെ ഇളവുകളിൽ കണ്ണുംനട്ട് വൈപ്പിൻ ദ്വീപ് നിവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് അഞ്ച് വർഷമാകുന്നു. നിയമത്തിൽ ഭേദഗതി വരുത്തി നിയന്ത്രണത്തിൽ ഇളവുകൾ നൽകുന്ന നിയമങ്ങളുടെ വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഏറ്റവുമൊടുവിൽ പുറത്തിറക്കിയത് 2019 ജനുവരി 18നാണ്. വേലിയേറ്റ രേഖയെ 1991ന് സ്ഥാപിക്കപ്പെട്ട തൂമ്പുകളുടേയും പുറംബണ്ടുകളുടേയും ലൈനിലേക്ക് മാറ്റി കണക്കാക്കണം എന്നായിരുന്നു ഭേദഗതി. സംസ്ഥാനത്തെ 10 ജില്ലകളിലെ തീരദേശവാസികൾക്ക് ഈ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കേണ്ടതാണ്. വൈപ്പിൻ ദ്വീപിലുള്ളവരും കാത്തിരിക്കുന്നത് ഇതിനായിത്തന്നെ. എന്നാൽ, ഇതിനായി പുതിയ മാപ്പ് നിർമ്മിച്ച് വേലിയേറ്റരേഖയും തൂമ്പുകളും രേഖപ്പെടുത്തി കരട് മാപ്പ് പ്രസിദ്ധീകരിക്കണം. കരട് മാപ്പ് പ്രസിദ്ധീകരിച്ചത് 4 വർഷം കഴിഞ്ഞ് 2023 മേയിലാണ്. തുടർന്നുള്ള പബ്ലിക് ഹിയറിംഗിൽ 33,000 പരാതികൾ ഉയർന്നു. പരാതികളിൽ കാര്യമായ നടപടികളൊന്നും കേരളതീരദേശ പരിപാലന അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
വൈപ്പിൻ ദ്വീപിലെ കായൽ, തോടുകൾ, പൊക്കാളിപ്പാടങ്ങൾ എന്നിവയുടെ സമീപത്ത് താമസിക്കുന്ന സാധാരണക്കാരായ പതിനായിരങ്ങൾക്ക് വീട് നിർമ്മിക്കാനോ പുനർനിർമ്മിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. ലൈഫ്, പി.എം.എ.വൈ പദ്ധതികൾ വഴി വീട് നിർമ്മാണത്തിന് സഹായകമാകുന്ന പുതിയ മാപ്പും നിർദ്ദേശങ്ങളും ഉടൻ സമർപ്പിക്കാൻ അധികാരികൾ ശ്രദ്ധിക്കണമെന്നാണ് വീട് നിർമ്മാണം നിഷേധിക്കപ്പെട്ട സാധാരണക്കാർക്കാരുടെ ആവശ്യം.
2024 ആഗസ്റ്റ് 31ന് കേരളം ഫൈനൽമാപ്പ് കേന്ദ്ര അനുമതിക്കായി സമർപ്പിച്ചു. ഒക്‌ടോബർ 16ന് പുതിയ മാപ്പിന് കേന്ദ്രം അനുമതി നല്കി. പുതിയ മാപ്പ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശിച്ചു. ഈ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പായില്ല.
ഇളവുകളുടെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കേണ്ടത് വൈപ്പിൻകരയിൽ. അതിനാൽ ശക്തമായ സമരങ്ങൾ നടന്നതും ഇവിടെത്തന്നെ.
സമരങ്ങൾ നിരവധി
എടവനക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ കുടിൽകെട്ടിസമരം തെരുവിൽ അത്താഴം കിടപ്പ് സമരം ൊനിരാഹാര സത്യാഗ്രഹം വൈപ്പിൻ - പള്ളിപ്പുറം സംസ്ഥാനപാത ഉപരോധം
കേരളത്തിലെ ദ്വീപുകൾക്കായുള്ള പ്രത്യേക പരിഗണനയായി കേന്ദ്രം പ്രഖ്യാപിച്ച 20 മീറ്റർ ദൂരപരിധിക്കപ്പുറം അനുവാദം ലഭിക്കാൻ കഴിയുന്ന സമഗ്ര ദ്വീപ് വികസന പ്ലാൻ കൂടി ഉടൻ നടപ്പാക്കണം
ഇ.കെ. സലിഹരൻ (പ്രസിഡന്റ്)
ബേസിൽ മുക്കത്ത് (സെക്രട്ടറി)
സി.ആർ. ഇസഡ്
ആക്ഷൻ കൗൺസിൽ, എടവനക്കാട്