binoy-viswam

കൊച്ചി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ നിസാരവത്കരിച്ച് പ്രസ്താവന നടത്തിയ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരനും സംസ്ഥാന ബി.ജെ.പി നേതൃത്വവും കേരള ജനതയോട് മാപ്പു പറയണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മനുഷ്യത്വരഹിതമായ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് ആ പ്രസ്താവന. എന്തു കൊണ്ടാണ് കേന്ദ്ര സർക്കാർ അർഹതപ്പെട്ട സഹായം നിഷേധിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരമാണത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനങ്ങളുടെ ബാങ്കുകളിലെ കടം 15.40 കോടിയാണ്. സംസ്ഥാന സർക്കാർ ബാങ്കുകളുടെ യോഗം വിളിച്ചു ചേർത്തപ്പോൾ കടം എഴുതിത്തള്ളാൻ അവർ തയ്യാറായിരുന്നു. ഇതിന് റിസർവ് ബാങ്കിന്റെ അനുമതി കിട്ടാത്തതിന് പിന്നിലും ബി.ജെ.പിയുടെ ഇടപെടൽ സംശയിക്കേണ്ടിയിരിക്കുന്നു .ദുരന്തം സംബന്ധിച്ച സകല വിവരങ്ങളും കേന്ദ്രസർക്കാരിനു കൈമാറി. കേന്ദ്ര സഹായം സംബന്ധിച്ച് ചോദ്യം ഉയരുമ്പോൾ സംസ്ഥാന സർക്കാരിന്റെ കൈയിലെ ഫണ്ടിനെ കുറിച്ച് ചോദ്യം ഉയർത്തുന്നത് പുകമറ സൃഷ്ടിക്കാനാണ്. കേന്ദ്ര സർക്കാരിന്റെയും ബി.ജെ.പിയുടെയും കേരള വിരുദ്ധ നിലപാടിനെതിരെ പാലക്കാട്ടെ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.