
കൊച്ചി: എസ്.ബി.ഐയുടെ ഐതിഹാസികമായ ഹോർണിമാൻ സർക്കിൾ ശാഖയുടെ ശതാബ്ദിയോട് അനുബന്ധിച്ചുള്ള 100 രൂപയുടെ പ്രത്യേക നാണയം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പുറത്തിറക്കി. ഗ്രേഡ് എ ഹെറിറ്റേജ് പദവിയുള്ളതും ദക്ഷിണ മുംബയിലെ ഏറ്റവും പഴക്കമുള്ള കെട്ടിടവുമാണിത്. 1981 മുതൽ 1996 വരെയുള്ള ബാങ്കിന്റെ പ്രയാണത്തിന്റെ വിവരങ്ങൾ അടങ്ങിയ ദി എവലൂഷൻ ഒഫ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പരമ്പരയുടെ അഞ്ചാം പതിപ്പും ഇതോടൊപ്പം പുറത്തിറക്കി. ധനകാര്യ വകുപ്പ് സെക്രട്ടറി എം നാഗരാജുവും ചടങ്ങിൽ പങ്കെടുത്തു.
അതീവ മികവോടെയുള്ള വളർച്ചയുടെയും സേവനങ്ങളുടെയും ഉദാഹരണമാണ് ഈ ഐതിഹാസിക ശാഖയുടെ ശതാബ്ദി ആഘോഷത്തോടൊപ്പം ദൃശ്യമാകുന്നതെന്ന് നിർമ്മലാ സീതാരാമൻ പറഞ്ഞു. 1920ലെ നൂറിൽ നിന്ന് ശാഖകളുടെ എണ്ണം 22,640ൽ എത്തി. നടപ്പു സാമ്പത്തിക വർഷം 500 ശാഖകൾ കൂടി തുറക്കും.
എസ്.ബി.ഐ പുതിയ യുഗത്തിലേക്ക് കടക്കുമ്പോൾ മികച്ച സേവനങ്ങൾക്കുള്ള സാക്ഷ്യപത്രമാണ് ഈ നാഴികക്കല്ലെന്ന് ബാങ്ക് ചെയർമാൻ സി. എസ് ഷെട്ടി പറഞ്ഞു.