j

ചോറ്റാനിക്കര: നഗരത്തിൽ നിന്ന് 30 കിലോമീറ്റർ മാറി കാഞ്ഞിരമറ്റം, ഒലിപ്പുറം റൂട്ടിലൂടെ സഞ്ചരിച്ചാൽ പ്രകൃതി രമണീയമായ തോട്ടറ പുഞ്ചയിലെത്താം. ജില്ലയുടെ ടൂറിസം സാദ്ധ്യതകൾക്ക് മാറ്റുകൂട്ടാനൊരുങ്ങി നൽക്കുകയാണിവിടം. അവധി ദിനങ്ങളിൽ കുട്ടികളുമായി കറങ്ങാൻ മനോഹരമായ ഒരു സ്ഥലം തേടുന്നവർക്ക് വശ്യമായ പ്രകൃതി സൗന്ദര്യമാണ് മാടിവിളിക്കുന്നത്.
പുലർകാലവേളകളിലെ നനത്ത മഞ്ഞുപെയ്യുന്ന പാടവരമ്പുകളും സൂര്യോദയവും സിനിമാഗാനങ്ങളിൽ കേട്ടിട്ടുള്ള പ്രകൃതിയുടെ വർണനകളും നേരിൽ കാണാനും നിരവധി പേരാണിവിടെ എത്തുന്നത്.
പച്ചപ്പണിഞ്ഞു നിൽക്കുന്ന പാടത്തിന് നടുവിലൂടെയുള്ള യാത്രയും പാടവരമ്പുകളിൽ ഇടയ്ക്കിടയായി ചീരയും പയറും കപ്പയും ഒക്കെ കൃഷി ചെയ്തിരിക്കുന്നു. കൊച്ചിയുടെ നെല്ലറ എന്നറിയപ്പെടുന്ന പുഞ്ചയിലെ പഞ്ചപാണ്ഡവർ കൃഷി നടത്തിയിരുന്നതായാണ് ഐതിഹ്യം.

1400 ഏക്കറിലെ സൗന്ദര്യം

എറണാകുളം, കോട്ടയം ജില്ലകളിലെ എടക്കാട്ടുവയൽ ആമ്പല്ലൂർ,വെള്ളൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണ് തോട്ടറ പുഞ്ച 1400 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പുഞ്ച ഒരുപ്പു നിലം എന്നാണ് അറിയപ്പെടുന്നത്. ഒരുകാലത്ത് 100 മേനി വിളവ് തരുന്ന ഈ പുഞ്ചപ്പാടം ഒറ്റ കൃഷികൊണ്ട് നൂറുകണക്കിന് കർഷക കുടുംബങ്ങളുടെയും കർഷക തൊഴിലാളികളുടെയും കുടുംബങ്ങളുടെ ആശ്രയമായിരുന്നു. എന്നാൽ നശിച്ചുകൊണ്ടിരിക്കുന്ന തോട്ടറ പുഞ്ചയിൽ അവശേഷിക്കുന്നത് പ്രകൃതി കനിഞ്ഞു നൽകിയ കാഴ്ചകളാണ്.

സിനിമാ ചിത്രികരണ സ്‌പോട്ട്
മമ്മൂട്ടി അഭിനയിച്ച ബെസ്റ്റ് ആക്ടർ എന്ന സിനിമയിലെ സ്വപ്നം ഒരു ചാക്ക് എന്ന ഗാനം തോട്ടറ പുഞ്ചയ്ക്ക് സമീപത്താണ് ഷൂട്ട് ചെയ്തത്. പ്രകൃതിയുടെ മനോഹാരിത അത്ര മനോഹരമായി സിനിമയിൽ അവതരിപ്പിച്ചതോടെ ഈ പ്രദേശം വീണ്ടും സഞ്ചാരികളുടെ സ്വർഗ്ഗമായി. പശുക്കൾ മേയുന്നതും സമീപത്തെ ആമ്പൽ പൊയ്കയും, അതിനിടയിൽ കൂകിപ്പായുന്ന തീവണ്ടിയും അതിമനോഹര കാഴ്ചയാണ്.