തൃപ്പൂണിത്തുറ: കൊച്ചി കോർപ്പറേഷൻ 50-ാം ഡിവിഷനിൽ ജലക്ഷാമം രൂക്ഷമായതോടെ ജല അതോറിട്ടി വൈറ്റില ഡിവിഷൻ അസി. എക്സിക്യുട്ടീവ് എൻജിനിയർക്ക് പൂണിത്തുറ മുക്കോട്ടിൽ ടെമ്പിൾറോഡ് റെസിഡന്റ്സ് അസോസിയേഷൻ നിവേദനം നൽകി. ഒന്നിടവിട്ട ദിവസങ്ങളിലെ ശുദ്ധജല വിതരണംപോലും കൃത്യമായി നടക്കുന്നില്ല. സാങ്കേതിക തകരാറിന്റെ പേരുപറഞ്ഞ് പല ദിവസങ്ങളിലും പമ്പിംഗ് വൈകുന്നു. പലപ്പോഴും മുന്നറിയിപ്പില്ലാതെ പമ്പിംഗ് മുടങ്ങുന്നു. തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള വെള്ളം തെക്കേ അറ്റത്തുള്ള പൂണിത്തുറ ഭാഗങ്ങളിൽ എത്തുമ്പോഴേക്കും പമ്പിംഗ് കഴിഞ്ഞിട്ടുണ്ടാകും. പൈപ്പുവെള്ളത്തെ മാത്രം ആശ്രയിക്കുന്ന പ്രദേശത്ത് ഓവർഹെഡ് ടാങ്ക് പണിയണമെന്നും അസോ. ഭാരവാഹികൾ ആവശ്യപ്പെട്ടു.

തെക്കെനട റോഡ്, വടക്കെനട റോഡ്, കെ.ബി. മേനോൻ ലെയിൻ, പുളിക്കാഴത്ത് ലെയിൻ തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം അതിരൂക്ഷമാണ്. പ്രശ്നം ഉടനടി പരിഹരിച്ചില്ലെങ്കിൽ സമരമാർഗങ്ങളും നിയമനടപടികളും സ്വീകരിക്കുമെന്ന് അസോ. പ്രസിഡന്റ് റോയ് തെക്കൻ പറഞ്ഞു.