internet

കൊച്ചി: കെ. ഫോൺ മുഖേനെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 100 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് എത്തിക്കുമെന്ന സർക്കാർ പ്രഖ്യാപനം പാഴ്വാക്കായി. ഒരുവർഷം പിന്നിടുമ്പോൾ നൽകാനായത് വെറും 27 ശതമാനം കണക്ഷൻ മാത്രം ! 1400 കുടുംബങ്ങളാണ് ജില്ലയിൽ സൗജന്യ ഇന്റർനെറ്റിന് അർഹർ. നിലവിൽ 374 ബി.പി.എൽ കുടുംബങ്ങളിൽ മാത്രമേ ഇന്റർനെറ്റ് എത്തിയുള്ളൂ.

ഏറ്റവും അധികം കണക്ഷൻ ലഭിച്ചത് കോതമംഗലത്താണ്. ഇവിടെ 79 കുടുംബങ്ങളിൽ ഇന്റർനെറ്റ് ലഭ്യമായി. തൊട്ടുപിന്നിൽ പറവൂരും അങ്കമാലിയും. ഇരു മണ്ഡലങ്ങളിലും 52 കുടുംങ്ങളിലേക്ക് ഇന്റർനെറ്റെത്തി. 47 കണക്ഷൻ നൽകിയ പിറവം പട്ടികയിൽ മൂന്നാമത്. അതേസയമം, നിയമസഭയിൽ നൽകിയ രേഖയിൽ തൃപ്പൂണിത്തുറ ഇല്ല. കുന്നത്തുനാട്ടിൽ 2 കുടുംബങ്ങളിൽ മാത്രമേ സൗജന്യ ഇന്റർനെറ്റ് സൗകര്യം എത്തിയിട്ടുള്ളൂ.

കഴിഞ്ഞവർഷം ജൂണിലായിരുന്നു ഉദ്ഘാടനം. ആ മാസം തന്നെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സൗജന്യ കണക്ഷൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാലിത് നീണ്ടുപോയി. സ്ഥലം എം.എൽ.എ നിർദ്ദേശിക്കുന്ന ഒരു തദ്ദേശ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാർഡുകളിൽ നിന്നോ മുൻഗണനാടിസ്ഥാനത്തിലാണ് കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നത്.

കെ ഫോൺ സ്വപ്നപദ്ധതി

സംസ്ഥാനത്തുടനീളം നഗര ഗ്രാമ വ്യത്യാസമില്ലാതെ അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി. ഇന്റർനെറ്റ് ജനതയുടെ അവകാശമാണ് എന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്. ഇതുവരെ 39,878 കണക്ഷൻ നൽകി. എറണാകുളത്ത് 2,544 കണക്ഷനുകൾ നൽകി.

ജില്ലയിൽ കൺക്ഷൻ ലഭിച്ചത്

സ്ഥലം, കുടുംബങ്ങളുടെ എണ്ണം
എറണാകുളം- 13
പറവൂർ -52
തൃപ്പൂണിത്തുറ -0
കളമശേരി-15
വൈപ്പിൻ -13
കൊച്ചി - 32
ആലുവ -14
പെരുമ്പാവൂർ -15
മൂവാറ്റുപുഴ - 40
പിറവം-47
കുന്നത്തുനാട് -2
തൃക്കാക്കര-11
അങ്കമാലി - 52
കോതമംഗലം -79

 മുൻഗണനകൾ

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുള്ള പട്ടികജാതി, പട്ടികവർഗ കുടുംബം,
സ്‌കൂൾ വിദ്യാർത്ഥികളിൽ ഒരാൾക്ക് 40 ശതമാനത്തിലധികം അംഗവൈകല്യമുള്ള കുടുംബം
സ്‌കൂൾ വിദ്യാർത്ഥികളുള്ള ശേഷിക്കുന്ന കുടുംബങ്ങൾ