വൈപ്പിൻ: നായരമ്പലം നെടുങ്ങാട് പുഴയോരവാസികൾ വെള്ളപ്പൊക്കം മൂലം ദുരിതത്തിലായി. കുറച്ചു ദിവസങ്ങളായി വേലിയേറ്റത്തിൽ വെള്ളം വീടുകളിൽ വരെ കയറുന്നുണ്ട്. പ്രായമായവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. നെടുങ്ങാട് പഴയപള്ളി പാലം പൊളിച്ചു മാറ്റാത്തതും നെടുങ്ങാട് പുഴയുടെയും ഇടതോടുകളുടെയും ആഴം വർദ്ധിപ്പിക്കാത്തതും വെള്ളപ്പൊക്കം രൂക്ഷമാക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികൾക്ക് സ്കൂളുകളിലേക്ക് പോകാൻ വെള്ളം നീന്തി കടക്കേണ്ട അവസ്ഥയാണ് . പ്രദേശത്തെ വീടുകളുടെ തറയും ചുമരുകളും ഉപ്പ് കയറി നശിക്കുകയാണ്. നെടുങ്ങാട് പ്രദേശത്തെ വെള്ളപ്പൊക്കത്തിന് അടിയന്തരമായി പരിഹാരമുണ്ടാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു.