a

മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റി (എം.സി.സി) 2024 ലെ നീറ്റ് പി.ജി മെഡിക്കൽ റാങ്ക് അടിസ്ഥാനത്തിൽ നടത്തിയ മെഡിക്കൽ പി.ജി പ്രവേശനത്തിന്റെ ആദ്യ റൗണ്ട് ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്തെ സർക്കാർ, ഇ.എസ്ഐ, ഡീംഡ് സർവകലാശാല /മെഡിക്കൽ കോളേജുകളിലെ 50 ശതമാനം അഖിലേന്ത്യ ക്വാട്ടയിൽ വരുന്ന എം.ഡി, എം.എസ്, ഡി.എൻ.ബി കോഴ്‌സ് പ്രവേശന പട്ടികയാണിത്. നവംബർ 17 വരെ നടത്തിയ ചോയ്‌സ് ഫില്ലിംഗിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ അലോട്ട്‌മെന്റ് ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. www.mcc.nic.inൽ നിന്ന് റിസൾട്ടുകളും തുടർ നടപടിക്രമങ്ങളും അറിയാം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 27-നകം നിർദിഷ്ട കോളേജുകളിൽ റിപ്പോർട്ട് ചെയ്യണം. കോളേജുകളിൽ റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളുടെ ഡാറ്റ വെരിഫിക്കേഷൻ പ്രക്രിയ 28, 29 തീയതികളിൽ നടക്കും.

ഡോക്യുമെന്റുകൾ

നിശ്ചിത ഫീസ് കോളേജിലേക്ക് ട്രാൻസ്ഫർ ചെയ്തു വേണം അഡ്മിഷൻ നേടാൻ. ഇതിനുള്ള നിർദേശങ്ങൾ അലോട്ട്‌മെന്റ് ലെറ്ററിലുണ്ട്. കോളേജിൽ റിപ്പോർട്ട് ചെയ്യുമ്പോൾ സർട്ടിഫിക്കറ്റുകളുടെ ഒർജിനലും രണ്ടു സെൽഫ് അറ്റസ്റ്റഡ് കോപ്പികളും, 6 പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ആവശ്യമാണ്. യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സിവിൽ സർജന്റെ ഹെൽത്ത് സർട്ടിഫിക്കറ്റ്, നീറ്റ് പി.ജി സ്‌കോർ കാർഡ്, അഡ്മിറ്റ് കാർഡ്, ആധാർ, ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. വിദ്യാഭ്യാസ വായ്പ ആവശ്യമുള്ളവർ കോളേജിൽ അറിയിക്കണം. പ്രവേശന സമയത്ത് കോളേജുകളിൽ ബാങ്ക് വായ്പ കൗണ്ടറുകളുണ്ടാകും.

രണ്ടാം റൗണ്ട് കൗൺസലിംഗ് നാലിന്

ആദ്യ റൗണ്ടിൽ താല്പര്യമില്ലാത്ത കോഴ്‌സുകൾക്ക് അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഫീ എക്‌സിറ്റുണ്ട്. ഓരോ റൗണ്ടിലും പ്രത്യേകം ചോയ്‌സ് ഫില്ലിംഗ് നടത്തേണ്ടിവരും. രണ്ടാം റൗണ്ട് കൗൺസലിംഗ് ഡിസംബർ നാലിന് ആരംഭിക്കും. രണ്ടാം റൗണ്ടിൽ സീറ്റ് ലഭിച്ചാൽ ഫ്രീ എക്‌സിറ്റ് ആനുകൂല്യം ലഭിക്കില്ല. ലഭ്യമാകുന്ന സാധ്യതകൾ, കുറഞ്ഞ ഫീസ് നിരക്ക് എന്നിവ വിലയിരുത്തുന്നത് നല്ലതാണ്. എൻ.ആർ.ഐ ക്വാട്ടയിൽ സീറ്റ് ലഭിച്ചവർ ആവശ്യമായ രേഖകളുടെ ഒർജിനൽ കോളേജുകളിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ഹാജരാക്കണം.