
കൊച്ചി: ദേവസ്വം ബോർഡ് ഉന്നതന്റെ ഭാര്യയ്ക്ക് ക്ഷേത്ര ദർശനത്തിന് അകമ്പടി പോയില്ലെന്ന കാരണത്താൽ രണ്ട് ഉദ്യോഗസ്ഥർക്ക് കിട്ടിയത് നാല് മണിക്കൂർ നില്പ് ശിക്ഷ. കൊച്ചിൻ ദേവസ്വം ബോർഡിലാണ് രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ശിക്ഷാ നടപടി.
കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭാര്യയും മകളും ക്ഷേത്രത്തിലെ 'തൃപ്പുക’ ചടങ്ങിനെത്തിയപ്പോൾ ഉദ്യോഗസ്ഥർ വേണ്ട ബഹുമാനം നൽകിയില്ലെന്നാണ് ബോർഡ് ഉന്നതന്റെ വിലയിരുത്തൽ.
ക്ഷേത്രം മാനേജരായ വനിത അവധിയായതിനാൽ ഓഫീസർ മേധാവിയുടെ കുടുംബത്തെ പരിചരിക്കൻ എത്തിയില്ല. പകരം ഏർപ്പാടാക്കിയ രണ്ട് ക്ളാർക്കുമാർ ഉന്നതന്റെ ഭാര്യയെയും മകളെയും സ്വീകരിച്ചു. തങ്ങളെ അനുഗമിക്കേണ്ടതില്ലെന്ന് പറഞ്ഞതിനാൽ ഇവർ പുറത്തുതന്നെ നിന്നു. പിന്നാലെ ഔദ്യോഗിക പരിപാടികൾ കഴിഞ്ഞ് ഉന്നതനും ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഭാര്യയും മകളും 'അനാഥ'രായി നിൽക്കുന്നത് കണ്ടത്. ഉന്നതനും കുടുംബവും സൗമ്യരായി മടങ്ങി. എന്നാൽ പിന്നീടായിരുന്നു പ്രതികാര നടപടികളുടെ തുടക്കം.
വിളിച്ചു വരുത്തി നില്പു ശിക്ഷ
തിങ്കളാഴ്ച രാവിലെ തന്നെ രണ്ട് ജീവനക്കാരെയും ബോർഡ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. രാവിലെ പത്തു മുതൽ 2.30 വരെ ഓഫീസ് മുറിക്ക് മുന്നിൽ നിറുത്തിയ ശേഷം മടക്കിവിട്ടു. കാണാനോ കാര്യം പറയാനോ അനുവദിച്ചില്ല. വീണ്ടും വിളിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പിന്നാലെ ക്ഷേത്രത്തിലെ ഹാജർ ബുക്കിന്റെ പകർപ്പും ഓഫീസിലേക്ക് എടുപ്പിച്ചു. 'മുടക്ക്' അവധിയുടെ പേരിൽ ഇനി ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വന്നാലും അത്ഭുതപ്പെടാനില്ല. അവധിയെടുക്കുന്നവർ പിന്നീട് വന്ന് ഒപ്പിടുകയാണ് പതിവ്.
വടക്കുംനാഥന്റെ തൃപ്പുക
രാത്രി എട്ടുമണിക്ക് സുഗന്ധപൂരിതമായ പുക നവധാന്യങ്ങളുപയോഗിച്ച് ശ്രീകോവിൽ മുഴുവൻ വ്യാപിപ്പിക്കുന്നതാണ് ഈ ചടങ്ങ്. വടക്കും നാഥനും ശ്രീരാമസ്വാമിക്കുമാണ് തൃപ്പുക. തൃപ്പുക തൊഴുന്നത് അതിവിശേഷമായതിനാൽ നിരവധി ഭക്തർ പതിവായി എത്തും.