അങ്കമാലി: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ സഹായത്തോടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന തല സെമിനാറിന് അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ തുടക്കമായി. ആദ്യമായാണ് എ.ഐ.സി.ടി.ഇയുടെ സഹായത്തോടെ പ്രാദേശിക ഭാഷയായ മലയാളത്തിൽ ഒരു സെമിനാർ സംസ്ഥാനത്ത് നടക്കുന്നത്. ഹരിത ഊർജവും സുസ്ഥിരതയും ആഗോള താപനത്തിനെതിരെ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടക്കുന്ന സെമിനാറിൽ കേരളത്തിലെ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്ന നൂറോളം പ്രഗത്ഭർ പരിപാടിയുടെ ഭാഗമാകുന്നുണ്ട്. സി ഡാക് മുൻ ഡയറക്ടർ ഡോ.അച്യുത് ശങ്കർ എസ്. നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ ഷിമിത്ത് അദ്ധ്യക്ഷനായി. എ.ഐ.സി.ടി.ഇയുടെ കിഴിൽ വൈബ്രന്റ് അഡ്വക്കസി ഫോർ അഡ്വാൻസ്‌മെന്റ് ആൻഡ് നേർച്ചറിംഗ് ഒഫ് ഇന്ത്യൻ ലാംഗ്വേജ്സ് എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. പത്തോളം വിദഗ്ദ്ധർ സെമിനാറിൽ ക്ലാസുകൾ നയിക്കും. ചടങ്ങിൽ എം.പി. അബ്ദുൽ നാസർ, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളായ വി.ഒ. പാപ്പച്ചൻ, ഇ.കെ. രാജവർമ്മ, പ്രിൻസിപ്പൽ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി, ഡീൻ ഡോ. ജി. ഉണ്ണികർത്ത, ഡോ. എലിസബത്ത് ജോർജ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.സി.ആർ. രജീഷ് തുടങ്ങിയവർ പങ്കെടുത്തു.