മൂവാറ്റുപുഴ: ഉപജില്ല കലോത്സവത്തിൽ വിജയം നേടിയ മണ്ണൂർ എൻ.എസ്.എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. മൂന്ന് എ ഗ്രേഡ് ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി വിഭാഗങ്ങളിൽ വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നോറയുടെ സ്വപ്നങ്ങൾ എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു. ശാരീരിക പ്രയാസമുള്ളതും ലേണിംഗ് ഡിസെബിലിറ്റി ഉള്ളതുമായ കുട്ടികളെ ചേർത്തു നിർത്തണമെന്നും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സാധിക്കും എന്നും സന്ദേശം നൽകുന്നതായിരുന്നു നാടകം. അനുമോദന യോഗം കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി അംഗവും സംവിധായകനുമായ എൻ. അരുൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രതീഷ് പി.വി. അദ്ധ്യക്ഷനായി. സ്കൂൾ ഹെഡ്മിസ്ട്രസ് ടി.ആർ. അനിതകുമാരി, വി.ടി. രതീഷ്, ആർ. അനിത, എസ്. ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നവയുഗം തൃക്കളത്തൂരിന്റെയും റിയൽ വ്യൂ ക്രിയേഷൻസിന്റെയും നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.